പുണെ: റിപ്പബ്ലിക് ദിനത്തിന് കുറച്ച് ദിവസംമുന്‍പ് തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ മനുഷ്യ ബോംബെന്ന് മുദ്രകുത്തപ്പെട്ട പുണെയിലെ 18 കാരി സാദിയ അന്‍വര്‍ ഷെയ്ക്ക് ആരോപണമുക്തയെന്ന് ജമ്മു കാശ്മീര്‍ പോലീസ് പ്രഖ്യാപിച്ചുവെങ്കിലും ഇതിന്റെ പേരില്‍തന്റെ ഉന്നത വിദ്യാഭ്യാസം തകര്‍ന്ന ദുഃഖത്തിലാണ് ഈ യുവതി.

ആരോപണത്തെത്തുടര്‍ന്ന് ജമ്മുകാശ്മീരില്‍ നഴ്‌സിങ്ങ് പഠനത്തിന് ചേര്‍ന്ന കോളേജില്‍ നിന്ന് സാദിയയെ പുറത്താക്കി. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ തിരിച്ച് പുണെയിലെത്തി പത്രക്കാരെ കാണുകയായിരുന്നു സാദിയ.

ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ എസ്.ഇ.ടി. പാരാമെഡിക്കല്‍ ആന്‍ഡ് നഴ്‌സിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നേഴ്‌സിങ് കോഴ്‌സിന് പ്രവേശനം ലഭിച്ചതിനെത്തുടര്‍ന്ന് ജനുവരി 15-നാണ് അമ്മയോടൊപ്പം സാദിയ ശ്രീനഗറില്‍ എത്തിയത്.

സാദിയയെ സുഹൃത്തിന്റെ അടുത്താക്കിയ ശേഷം അമ്മ പുണെയിലേക്ക് മടങ്ങി. സുഹൃത്തിനോടൊപ്പം തെക്കന്‍ കാശ്മീരില്‍ താമസിക്കുമ്പോഴാണ് ജനുവരി 25-നാണ് തന്നെക്കുറിച്ചുള്ള പത്രവാര്‍ത്തകള്‍ ആദ്യം അറിയുന്നത് എന്നാണ് സാദിയ പറഞ്ഞത്.

പുണെയില്‍നിന്ന് കാശ്മീരില്‍ എത്തിയ സാദിയ അന്‍വര്‍ ഷേയ്ക്ക് ഇസ്ലാമിക തീവ്രവാദക്കാരുടെ മനുഷ്യബോംബ് ആകാന്‍ സാധ്യതയുണ്ടെന്നായിരുന്നു വാര്‍ത്ത. ടെലിവിഷനിലെ ഈ വാര്‍ത്തയെത്തുടര്‍ന്ന് താന്‍ നേരിട്ട് പോലീസില്‍ എത്തി യഥാര്‍ഥ വിവരങ്ങള്‍ നല്‍കുകയാണ് ഉണ്ടായതെന്നും സാദിയ പറഞ്ഞു.

ഇതേത്തുടര്‍ന്ന് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ.), ഇന്റലിജന്‍സ് ബ്യൂറോ, ജമ്മു കാശ്ശീര്‍ പോലീസ് ഉന്നതാധികാരികള്‍ എന്നിവര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്തതിന് ശേഷം നിരപരാധിയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വിട്ടയക്കുകയായിരുന്നുവെന്ന് സാദിയ പറഞ്ഞു. ആരോപണങ്ങള്‍ ശരിയല്ലെന്ന് പോലീസ് അധികാരികള്‍ വ്യക്തമാക്കിയെങ്കിലും, കോളേജില്‍ നിന്ന് തന്നെ പുറത്താക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.