മുംബൈ​: നഗരം നിറങ്ങളില്‍ നീരാടി. ഹോളി ആഘോഷത്തിന്റെ ആവേശത്തിലായിരുന്നു ജനം. തെരുവുകളില്‍ വര്‍ണപ്രപഞ്ചം. പ്രായഭേദ്യമെന്യേ ഉത്സവത്തിന്റ ആവേശത്തിലായിരുന്നു ഓരോരുത്തരും. വീടുകളിലെത്തി ചായം പൂശി സൗഹൃദം പകര്‍ന്നു വഴിയോരങ്ങളിലെത്തിയവരെ നിറങ്ങളാല്‍ എതിരേറ്റും ആഘോഷം അനുഭവമാക്കി.

നിറങ്ങളുടെ ഉത്സവമായ ഹോളി വസന്തോത്സവുമാണ്. ഗുജറാത്തികളും മാര്‍വാടികളും പഞ്ചാബികളുമാണ് ഹോളി ആഘോഷത്തിന് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. പരസ്​പരം നിറം പുരട്ടുമ്പോള്‍ ശത്രുത അകലുമെന്നാണ് വിശ്വാസം.

ഹോളി ആഘോഷത്തിന്റെ ഭാഗമായി ആര്‍ക്കും ആരുടെ നേരെയും വര്‍ണം വിതറാം. പുഞ്ചിരിയോടെ മാത്രമേ വര്‍ണങ്ങളെ സ്വീകരിക്കാവൂ എന്നതാണ് രീതി. തിന്മയ്ക്കു മേല്‍ മഹാവിഷ്ണുനേടിയ വിജയം ആഘോഷിക്കുന്ന ഉത്സവമാണ് ഹോളി. മുംബൈ നഗരത്തില്‍ ഹോളി ആഘോഷത്തിന് ചൈനീസ് നിര്‍മിതവര്‍ണങ്ങളും പീച്ചാംകുഴലുകളും വ്യാപകമായി വിറ്റഴിഞ്ഞിരുന്നു.

ഹോളിയുമായി ബന്ധപ്പെട്ട് പീച്ചാംകുഴലില്‍ ഉപയോഗിക്കുന്ന വര്‍ണജലത്തിന് വേണ്ടി രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിന് കര്‍ശന വിലക്കുണ്ടായിരുന്നു. നിറങ്ങള്‍ കലര്‍ത്തിയ ജലംനിറച്ച ചെറുബലുണുകള്‍ എറിയരുതെന്നും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇത്തരംസംഭവഭങ്ങള്‍ വ്യാപകമായി ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രകൃതിക്കിണങ്ങുന്ന തരത്തില്‍ ഹോളിയില്‍ പങ്കാളികളാവാണമെന്നും പ്രകൃതിജന്യവസ്തുക്കള്‍ മാത്രമേ ഹോളിദിനത്തില്‍ ഉപയോഗിക്കാവൂവെന്നും കര്‍ശന നിര്‍ദേശം മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണബോര്‍ഡ് മുന്നോട്ടുവെച്ചിരുന്നു. ബോളിവുഡ് താരങ്ങള്‍ ഇത്തവണ ഹോളി ആഘോഷത്തിന്റെ ഭാഗമായില്ല. ശ്രീദേവിയുടെ മരണം കാരണം ബോളിവുഡ് ആഘോഷത്തില്‍നിന്ന് വിട്ടുനിന്നു.