മുംബൈ: സാക്കിനാക്കയില്‍ മലയാളികള്‍ നടത്തുന്ന എയര്‍ സൈഡ് എന്ന ഹോട്ടലില്‍ അമ്പതിലധികംപേരെത്തി ഇവിടത്തെ ജീവനക്കാരെയും താമസക്കാരെയും മര്‍ദിച്ചതായി പരാതി. വെള്ളിയാഴ്ച വൈകീട്ടുനടന്ന സംഭവത്തില്‍ പോലീസ് 15 പേരെ അറസ്റ്റുചെയ്തു.

ബാക്കിയുള്ളവരെ തിരഞ്ഞുവരികയാണെന്നും എല്ലാവരെയും പിടികൂടുമെന്നും സാക്കിനാക്ക പോലീസ് സ്റ്റേഷന്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ധര്‍മാധികാരി പറഞ്ഞു. പ്രതികളില്‍ പ്രധാനിയായ ഹോട്ടലുടമയുടെ ബന്ധുവും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. 

എന്നാല്‍, ഇയാളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല. വിദേശമലയാളികളായ അബ്ദുള്‍ കരീം അഹമ്മദ് ശരീഫ് മറ്റൊരാളില്‍നിന്ന് 12 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്തതാണ് ഈ ഹോട്ടല്‍. ഇക്കഴിഞ്ഞ ജനുവരി അഞ്ചിനാണ് പ്രവര്‍ത്തനം തുടങ്ങിയത്.

ഹോട്ടലിന്റെ യഥാര്‍ഥ ഉടമയാണ് അക്രമത്തിനുപിന്നിലെന്നാണ് ഹോട്ടല്‍ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്നവര്‍ പറയുന്നത്. ''വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ വലിയൊരു സംഘമാളുകള്‍ ആയുധങ്ങളുമായെത്തി ഞാനടക്കമുള്ള ജീവനക്കാരെ മുഴുവന്‍ മര്‍ദിച്ച് പുറത്താക്കുകയായിരുന്നു.

ഇവിടത്തെ സി.സി.ടി.വി.യും വൈദ്യുതബന്ധവും പൂര്‍ണമായും അവര്‍ നശിപ്പിച്ചു. താമസക്കാരെയും ഒഴിപ്പിച്ചു. 35 മുറികളില്‍ 26-ലും താമസക്കാര്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ എല്ലാ മുറികളും ഒഴിഞ്ഞുകിടക്കുകയാണ്'' -മര്‍ദനത്തില്‍ പരിക്കേറ്റ അഫ്‌സല്‍ പറഞ്ഞു.

ഹോട്ടലുടമകളുടെ ഔദ്യോഗിക സംഘടനയായ മുംബൈ ബജറ്റ് ഹോട്ടല്‍ അസോസിയേഷന്‍ പ്രവര്‍ത്തകരും ബോംബെ പടന്ന മുസ്ലിം ജമാ അത്ത് പ്രവര്‍ത്തകരും എത്തിയാണ് അക്രമികളില്‍നിന്ന് മാനേജര്‍ സിദ്ദിക്കിനെയും ജീവനക്കാരെയും രക്ഷപ്പെടുത്തിയത്.

പിന്നീട് പോലീസെത്തി അക്രമികളെ അറസ്റ്റുചെയ്ത് ഹോട്ടലിന്റെ പ്രവര്‍ത്തനം നടത്തിപ്പുകാര്‍ക്ക് കൈമാറുകയായിരുന്നു.