മുംബൈ: കാലാവസ്ഥാമാറ്റം കാരണം ഉത്പാദനം കുറഞ്ഞതോടെ സംസ്ഥാനത്തുനിന്നുള്ള മുന്തിരിക്കയറ്റുമതിയും ഇടിഞ്ഞു. ഈവർഷത്തെ സീസൺ തുടങ്ങിയപ്പോൾ ഇതുവരെ കയറ്റുമതിയിൽ 4000 ടണ്ണിന്റെ കുറവു വന്നെന്നാണ് കണക്കാക്കുന്നത്. കാലവർഷം തുടങ്ങാൻ വൈകിയതും കാലംതെറ്റി മഴ പെയ്തതുമാണ് മുന്തിരിക്കർഷകർക്കു വിനയായത്. ഇതുകാരണം 2019-20 വർഷം മുന്തിരി ഉത്പാദനത്തിൽ 40 ശതമാനം കുറവു വന്നിട്ടുണ്ടെന്നാണ് മഹാരാഷ്ട്ര ഗ്രെയ്പ് ഗ്രോയേഴ്‌സ് അസോസിയേഷൻ കണക്കാക്കുന്നത്.

2018-19 വർഷം സംസ്ഥാനത്ത് 32 ലക്ഷം മെട്രിക് ടൺ മുന്തിരിയാണ് വിളവെടുത്തത്. ഈവർഷം അത് 20-22 ലക്ഷം മെട്രിക് ടണ്ണായി കുറയുമെന്നാണ് കരുതുന്നത്. നവംബർമുതൽ മാർച്ച് വരെയാണ് മുന്തിരി വിപണിയിലെത്തുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കയറ്റുമതി തുടങ്ങുന്നത്. മഴയെത്താൻ വൈകിയതുകാരണം ഇത്തവണ മുന്തിരിക്കൃഷി തുടങ്ങാൻ വൈകി. അതുകൊണ്ട് വിളവെടുപ്പും വൈകി.

ഫെബ്രുവരിയായിട്ടും വിപണയിൽ ആവശ്യത്തിന് മുന്തിരി എത്തിയിട്ടില്ല. ഈവർഷം ഫെബ്രുവരി മൂന്നുവരെയുള്ള കണക്കനുസരിച്ച് മഹാരാഷ്ട്രയിൽ നിന്ന് 668 കണ്ടെയ്‌നറുകളിലായി 9105 ടൺ മുന്തിരിയാണ് കയറ്റി അയച്ചത്. മുൻവർഷം ഇതേ കാലയളവിൽ 992 കണ്ടെയ്‌നറുകളിലായി 13,221 ടൺ മുന്തിരി കയറ്റി അയച്ച സ്ഥാനത്താണിത്. 4000 ടണ്ണിന്റെ കുറവാണ് ഇത്തവണ ഇതുവരെ ഉണ്ടായത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കൂടുതൽ മുന്തിരി വിപണിയിൽ എത്തുന്നതോടെ കയറ്റുമതിയിലും വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.

ഇന്ത്യയിൽ മുന്തിരിയുടെ 70 ശതമാനവും ഉത്പാദിപ്പിക്കുന്നത് മഹാരാഷ്ട്രയിലെ നാസിക്ക് ജില്ലയിലാണ്. കയറ്റുമതിയുടെ 90 ശതമാനവും ഇവിടെനിന്നാണ്. ജില്ലയിൽ 60,000 ഹെക്ടർ പ്രദേശത്ത് മുന്തിരി കൃഷിചെയ്യുന്നുണ്ട് എന്നാണ് കണക്കാക്കുന്നത്. ഇതിൽ 32,000 ഹെക്ടർ സ്ഥലത്തെ കൃഷിയും കാലംതെറ്റി പെയ്തമഴയിൽ നശിച്ചിരുന്നു. പതിവിൽനിന്ന് വിപരീതമായി സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ കനത്ത മഴയാണ് ഈവർഷമുണ്ടായത്. വെയിൽ തീരെ കുറവുമായിരുന്നു. ഇതുകാരണം വിളയാറായ മുന്തിരി ചീഞ്ഞുപോവുകയും ചെയ്തു.

മഹാരാഷ്ട്രയ്ക്കു പുറമേ കർണാടകം, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലാണ് ഇന്ത്യയിൽ പ്രധാനമായി മുന്തിരി കൃഷിചെയ്യുന്നത്. ഇതിൽ ഈ വർഷം മഹാരാഷ്ട്ര മാത്രമാണ് കയറ്റുമതി തുടങ്ങിയത്. ഇത്തവണ സംസ്ഥാനത്തുനിന്ന് കയറ്റി അയച്ച മുന്തിരിയിൽ 5995 ടണ്ണും പോയത് നെതർലൻഡ്‌സിലേക്കാണ്. 1352 ടൺ ജർമനിയിലേക്കും 633 ടൺ യു.കെ.യിലേക്കും കയറ്റി അയച്ചു. കയറ്റുമതിചെയ്യുന്ന മുന്തിയയിനം മുന്തിരിക്ക് ഇപ്പോൾ കിലോഗ്രാമിന് 70 രൂപ മുതൽ 90 രൂപവരെ വില കിട്ടുന്നുണ്ട്. ആഭ്യന്തര വിപണിയിലെത്തുന്ന മുന്തിരിക്ക് 35 രൂപ മുതൽ 65 രൂപവരെയാണ് വില.