മുംബൈ: കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന പെരുമഴയിൽ മഹാരാഷ്ട്രയിലും ദുരിതമൊഴിയുന്നില്ല. സാഗ്ലി, കോലാപ്പൂർ, സത്താറ തുടങ്ങി പശ്ചിമ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ജനങ്ങൾ പ്രയാസപ്പെടുന്നത്. പ്രദേശങ്ങളിലെ അണക്കെട്ടുക്കൾ ഓരാന്നോയി തുറന്നതോടെ പല ഗ്രാമങ്ങളും വെള്ളത്തിനടിയിലായി കഴിഞ്ഞു. ഏകദേശം മൂന്നു ലക്ഷത്തോളം പേരെയാണ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുന്നത്. പ്രളയവുമായി ബന്ധപ്പെട്ട് 30 പേർ മരിച്ചതായാണ് റിപ്പോർട്ട്. മഹാരാഷ്ട്രാ പോലീസ് സാംഗ്ലി വരെ ഒരു ഗ്രീൻ കോറിഡോർ തുറന്നുകൊണ്ടാണ് ദുരന്ത നിവാരണ സേനയേയും നാവികസേനയേയും അവിടെ പെട്ടെന്ന് എത്തിച്ചത്. കോലാപൂരിലെ ചിഖ്‌ലി ഗ്രാമത്തിൽനിന്ന്‌ 240 പേരെ ദുരന്ത നിവാരണസേന രക്ഷപ്പെടുത്തി. വ്യോമസേന കഴിഞ്ഞ ദിവസം വരെ ഹെലികോപ്റ്ററിലാണ് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരുന്നത്. എന്നാൽ മോശമായ കാലാവസ്ഥകാരണം വ്യോമസേനയ്ക്ക് തങ്ങളുടെ ‘ഓപ്പറേഷൻ’ നിർത്തേണ്ടി വന്നതുകൊണ്ടാണ് നാവികസേനയുടെ 12 സംഘങ്ങളെ സാംഗ്ലിയിലേക്ക് അയയ്ക്കേണ്ടി വന്നത്. കോലാപ്പുരിലും മറ്റും നേവികസേന നേരത്തെതന്നെ രംഗത്തുണ്ട്. കെട്ടിടങ്ങളിലെ മട്ടുപ്പാവിലും മറ്റും നൂറുകണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവർക്കുള്ള ഭക്ഷണം വ്യോമസേന വിതരണം ചെയ്യുന്നുണ്ട്.

നാസിക്കിലും നന്ദൂർബാറിലും കനത്ത മഴ

വടക്കൻ മഹാരാഷ്ട്രയിലും തിങ്കളാഴ്ചവരെ കനത്ത മഴയായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. നാസിക്, ധുലെ, ജൽഗാവ്, നന്ദൂർബാർ ജില്ലകളിലൊക്കെ വ്യാപകമായി മഴ ലഭിക്കും. നാസിക്കിൽ ഇപ്പോഴും മഴ തുടരുന്നുണ്ട്. തൃംബകേശ്വർ താലൂക്കിലെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ ലഭിച്ചതിനെത്തുടർന്ന് ഗംഗാപൂർ ഡാമിലെ വെള്ളം ഗോദാവരി നദിയിലേക്ക് തുറന്നുവിടാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് നാസിക്ക് പ്രദേശത്ത് കൂടുതൽ വെള്ളപ്പൊക്കത്തിന് ഇടയാക്കിയേക്കും. ഗംഗാപൂർ ഡാം 91 ശതമാനം നിറഞ്ഞു കഴിഞ്ഞു. നാസിക് ജില്ലയിലെ 24 റിസർവോയറുകളിൽ 22-ഉം നിറഞ്ഞ അവസ്ഥയിലാണ്. മണിക്പുഞ്ച്, നാഗസാക്യ എന്നീ റിസർവോയറുകളിൽ ഇപ്പോഴും വെള്ളമില്ലാത്ത അവസ്ഥയിലുമാണ്.

അകോളയിലും വെള്ളപ്പൊക്കം

ചന്ദ്രിക നദി കരകവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ അകോള ജില്ലയും വെള്ളപ്പൊക്കത്തിന്റെ പിടിയിലായി. ഇവിടെ ദോറി ഗ്രാമത്തിൽ വൃക്ഷ തൈ നടാൻ പോയ 27 തൊഴിലാളികൾ നദിയിൽ വെള്ളം പൊങ്ങിയതിനെ തുടർന്ന് അവിടെ കുടുങ്ങി. ഇവരെ പിന്നീട് സന്ത് ഗാഡ്‌ഗെ ബാബാ എമർജൻസി സ്‌ക്വാഡും ഗ്രാമീണരും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.