മുംബൈ: പ്രളയത്തിലകപ്പെട്ട കോലാപുരിൽ സാംഗ്ലിയിലും ജനജീവിതം ദുരിതത്തിൽ. കുടിവെള്ളംപോലും കിട്ടാനില്ലാത്ത അവസ്ഥ. ജനം മഴവെള്ളം കുടിക്കാൻ നിർബന്ധിതരാകുന്നു. വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ജനം ഇരുട്ടിലായി. പാലും ആവശ്യസാധനങ്ങൾക്കും കടുത്തക്ഷാമം നേരിടുന്നു.

റേഷനടിസ്ഥാനത്തിലാണ് പാലിന്റേയും മറ്റ് അവശ്യവസ്തുക്കളുടേയും വിതരണം. കുടിവെള്ളം തേടി ആളുകൾ തെരുവുകൾ തോറും അലയുന്നു. കുടിവെള്ളവുമായി ടാങ്കറുകൾക്ക് എത്താനാവുന്നില്ല. വ്യോമമാർഗം കുടിവെള്ളം എത്തിക്കാനുള്ള ശ്രമം നടക്കുന്നു. വെള്ളം ഇറങ്ങാതെ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനാവില്ലെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയായിട്ടുള്ള തോരാത്ത മഴയിൽ കോലാപുർ ഉൾപ്പെടുന്ന പശ്ചിമ മഹാരാഷ്ട്ര ഒറ്റപ്പെട്ടുകയായിരുന്നു.

സത്താറ, പുണെ, സാംഗ്ലി, കോലാപുർ, സോളാപുർ എന്നിവിടങ്ങളിലായി 16 പേർ മരിച്ചു. ഈ മേഖലയിലായി രണ്ടു ലക്ഷത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. നാവികസേനയും വ്യോമസേനയും തീരസംരക്ഷണ സേനയും ദേശീയ ദുരന്തനിവാരണ വിഭാഗവും രക്ഷാപ്രവർത്തനം നടത്തുന്നു.

പശ്ചിമ മഹാരാഷ്ട്രയിലെ രൂക്ഷമായ പ്രളയാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനായി അൽമാട്ടി ഡാമിലെ ജലം തുറന്നുവിടാൻ കർണാടകം സമ്മതിച്ചതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. വരും ദിവസങ്ങളിൽ ജലനിരപ്പ് കുറഞ്ഞു തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഫഡ്‌നവിസും റവന്യൂമന്ത്രി ചന്ദ്രകാന്ത് പാട്ടീലും ഉൾപ്പെടുന്നസംഘം വെള്ളപ്പൊക്ക ബാധിതസ്ഥലങ്ങളിൽ വ്യോമനിരീക്ഷണം നടത്തി.