മുംബൈ: പുണെയിൽ വെള്ളപ്പൊക്കത്തിൽപ്പെട്ടുപോയ പത്തു മാസം പ്രായമുള്ള കുട്ടിയെയും ബന്ധുക്കളെയും അഗ്നിരക്ഷാ സേന രക്ഷിച്ചു. മിത്രമണ്ഡൽ ചൗക്കിൽ പാർവതി മേഖലയിൽ വെള്ളംപൊങ്ങിയപ്പോൾ വീട്ടിനുപുറത്തുള്ള കുടിവെള്ള ടാങ്കിനു മുകളിൽ കയറിയ കുടുംബമാണ് ഒറ്റപ്പെട്ടുപോയത്. പത്തുമാസം മാത്രം പ്രായമുള്ള കുട്ടിയടങ്ങുന്ന അഞ്ചംഗകുടുംബം ചുറ്റും വെള്ളമുയർന്നപ്പോൾ രക്ഷപ്പെടാനാകാതെ കുടുങ്ങി. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനാംഗം മാരുതി ദേവ്കുലേ നീന്തി ടാങ്കിനടുത്തെത്തി. കുഞ്ഞിനെ ഒരു കൂടയിലാക്കിയശേഷം കാറ്റുനിറച്ച റബ്ബർ ട്യൂബിനു മുകളിൽവെച്ചു. നീന്തി ബോട്ടിനടുത്തെത്തി കുട്ടിയെ സഹപ്രവർത്തകരെ ഏൽപിച്ചു. മറ്റു കുടുംബാംഗങ്ങളെയും റബ്ബർ ട്യൂബിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി. കുട്ടിയെ രക്ഷിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Content Highlights: Flood in Pune