മുംബൈ : എണ്ണ പ്രകൃതി വാതക കോർപ്പറേഷനു (ഒ.എൻ.ജി.സി.)വേണ്ടി പ്രവർത്തിക്കുന്ന കപ്പലിലുണ്ടായ തീപ്പിടിത്തിൽ മലയാളി ഉൾപ്പെടെ മൂന്നുപേർ വെന്തുമരിച്ചു. മുംബൈയ്ക്കടുത്ത് വസായ് വെസ്റ്റ് അമ്പാടി റോഡ്, വിശ്വകർമ സൊസൈറ്റിയിലെ അനിത് ആന്റണി(30)യാണ് മരിച്ച മലയാളി. ഗ്രേറ്റ് ഈസ്റ്റേൺ ഷിപ്പിങ് കമ്പനിയുടെ ഗ്രേറ്റ് ഷിപ്പ് രോഹിണി എന്ന കപ്പലിൽ ഫോർത്ത് എൻജിനിയർ ആയിരുന്നു.

ബോംബെ ഹൈയിൽ എണ്ണ ഖനനം നടത്തുന്ന ഒ.എൻ.ജി.സി. കപ്പലുകൾക്ക് ഭക്ഷണസാമഗ്രികൾ എത്തിക്കുന്ന ഗ്രേറ്റ്ഷിപ്പ് രോഹിണിയുടെ എൻജിൻ റൂമിൽ ശനിയാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് തീ പടർന്നത്. 18 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. കപ്പലിലെ തീയണച്ച തീരരക്ഷാ സേന 15 പേരെ കരയ്ക്കെത്തിച്ചു. എൻജിൻ റൂമിൽ കുടുങ്ങിപ്പോയ മൂന്നുപേരുടെ മൃതദേഹം ഞായറാഴ്ച രാവിലെയാണ് കണ്ടെത്തിയത്. തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ.

മസ്ഗാവ് ഡോക്ക് മുൻ ജീവനക്കാരൻ അങ്കമാലി സ്വദേശി ആന്റണിയുടെ മൂത്ത മകനായ അനിത് ഒ.എൻ.ജി.സി.ക്കുവേണ്ടി കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കപ്പലിൽ ഡിസംബർ 12-നാണു ജോലിക്കു ചേർന്നത്. വടക്കുപടിഞ്ഞാറൻ മുംബൈയിൽ,

തീരത്തുനിന്ന് 92 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം. എൻജിൻ റൂമിൽ കുടുങ്ങിപ്പോയ അനിതിനെയും രണ്ട് സഹപ്രവർത്തകരെയും രക്ഷിക്കാനുള്ള ശ്രമം കനത്ത പുകയും ചൂടും മൂലം വിഫലമാവുകയായിരുന്നു. തീപ്പിടിച്ച എൻജിൻ റൂമിൽനിന്ന് കടലിൽ ചാടിയ ഇലക്‌ട്രോ ടെക്‌നിക്കൽ ഓഫീസർ ഗുർബീന്ദർ സിങ് ബൈക്കുള മസിന ആശുപത്രിയിൽ ചികിത്സയിലാണ്.

ബാക്കിയുള്ളവർ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. കപ്പലിൽ തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ലെന്ന് ഷിപ്പിങ് ഡയറക്ടർ ജനറൽ അമിതാഭ് കുമാർ പറഞ്ഞു. അപകടകത്തെക്കുറിച്ച് ജോയന്റ് ഡയറക്ടർ ജനറലിന്റെ പദവിയിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും. കപ്പൽ തിങ്കളാഴ്ചയോടെ കരയ്ക്കടുപ്പിക്കുമെന്ന് ഗ്രേറ്റ് ഈസ്റ്റേൺ ഷിപ്പിങ് കമ്പനി അറിയിച്ചു.

Content Highlights: Fire breaks out in engine room of offshore vessel near Mumbai