മുംബൈ: ബാങ്കിങ് രംഗത്ത് നിയമനങ്ങൾക്ക് നിർമിതബുദ്ധി ഉപയോഗിക്കുന്ന ആദ്യ ബാങ്കായി കേരളത്തിൽനിന്നുള്ള ഫെഡറൽ ബാങ്ക്. എഴുത്തുപരീക്ഷയും അഭിമുഖവും ഉൾപ്പെടെയുള്ള പരമ്പരാഗതരീതികൾ മാറ്റിമറിച്ചുകൊണ്ടാണ് ’ഫെഡ്‌റിക്രൂട്ട്’ എന്ന പുതിയ നിയമനരീതി അവതരിപ്പിച്ചിരിക്കുന്നത്. കാമ്പസ് റിക്രൂട്ട്‌മെന്റിലാണ് ആദ്യമായി ഈ രീതി പരീക്ഷിച്ചത്. ഇതുവരെ 350 പേരെ തിരഞ്ഞെടുത്തതായി ഫെഡറൽ ബാങ്ക് ചീഫ് ഹ്യൂമൻ റിസോഴ്‌സസ് ഓഫീസർ കെ.കെ. അജിത്കുമാർ പറഞ്ഞു.

തടസ്സമില്ലാതെ നിയമനപ്രക്രിയ നടത്തുന്നതിനുള്ള സംവിധാനമാണിത്. ഓരോ അപേക്ഷകനെയുംകുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കാൻ ഇത് ബാങ്കിനെ സഹായിക്കുന്നു. നിയമനത്തിന്റെ ഗുണമേൻമ 72 ശതമാനംവരെ വർധിപ്പിക്കാനാകുമെന്നാണ് ബാങ്കിന്റെ വിലയിരുത്തൽ. ബയോഡേറ്റമാത്രം പരിശോധിച്ച് ഉദ്യോഗാർഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുന്ന രീതിയും ഇതിലൂടെ ഒഴിവാക്കപ്പെടും. കടലാസുരഹിതമാണ് നടപടിക്രമങ്ങൾ.

ഉദ്യോഗാർഥികൾ ആപ് ഇൻസ്റ്റാൾ ചെയ്യുന്നതുമുതലാണ് നിയമനപ്രക്രിയ തുടങ്ങുക. ഉദ്യോഗാർഥികളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ഈ ആപ്പിലാണ് നൽകേണ്ടത്. തുടർന്ന് ഉദ്യോഗാർഥികളുടെ കഴിവുകളും ശേഷിയും പെരുമാറ്റവുമെല്ലാം മെഷീൻ ലേണിങ്, നിർമിതബുദ്ധി തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വിശകലനംചെയ്താണ് നിയമനകാര്യത്തിൽ തീരുമാനമെടുക്കുക. മാനേജ്‌മെന്റ് പ്രതിനിധികൾ നടത്തുന്ന അഭിമുഖംമാത്രമായിരിക്കും നേരിട്ടുള്ളത്. ഉദ്യോഗാർഥിയെ തിരഞ്ഞെടുത്ത കാര്യം മാതാപിതാക്കളെ എസ്.എം.എസ്. മുഖേന അറിയിച്ചുകൊണ്ടാണ് നടപടി അവസാനിപ്പിക്കുന്നത്.

ഗ്രൂപ്പ് ഡിസ്കഷനുള്ള വിഷയങ്ങൾ നൽകുന്നത് ഈ ആപ്പ് വഴിയായിരിക്കും. വീഡിയോ സംയോജിപ്പിച്ച് വെർച്വൽ ഓഫീസ് അന്തരീക്ഷമൊരുക്കിയുള്ള റോബോട്ടിക് അഭിമുഖം, ബുദ്ധി വിശകലനംചെയ്യുന്ന ഗെയിമുകൾ എന്നിവയാണ് ഇതിലെ മറ്റു ഘട്ടങ്ങൾ. ഉദ്യോഗാർഥികളുടെ പെരുമാറ്റരീതി, അവരെക്കുറിച്ച് ബാങ്കിനുള്ള പ്രതീക്ഷകൾ, നേട്ടങ്ങൾ, കാര്യങ്ങൾ പഠിക്കാനുള്ള കഴിവ് എന്നിവയെല്ലാം വിശകലനംചെയ്യപ്പെടും. ഈ വിവരങ്ങൾ നേരിട്ടുള്ള അഭിമുഖത്തിലും ഉദ്യോഗാർഥികളുടെ തിരഞ്ഞെടുപ്പിലും കൂടുതൽ കൃത്യത ഉറപ്പാക്കുമെന്ന് അജിത് കുമാർ പറഞ്ഞു.

മിടുക്കരായ ചിലർ അഭിമുഖത്തിനെത്തുമ്പോൾ അവരുടെ കഴിവുകൾ പൂർണമായി പുറത്തെടുക്കാൻ കഴിയാതെവരുന്നുണ്ട്. അവർക്ക് ഒറ്റയ്ക്കിരിക്കുമ്പോൾ കൂടുതൽ മികവു കാട്ടാനാകും. അങ്ങനെ അർഹതപ്പെട്ടവരെ കൃത്യമായി കണ്ടെത്താനാകുമെന്ന് അജിത്കുമാർ അഭിപ്രായപ്പെട്ടു. ഈ സാമ്പത്തികവർഷം 700 പേരെവരെ നിയമിക്കാനാണ് ബാങ്ക് ലക്ഷ്യമിട്ടിട്ടുള്ളത്. ഫെഡറൽ ബാങ്കിന്റെ ഫെഡ്‌റിക്രൂട്ട് സാങ്കേതികവിദ്യക്ക് ടെക്‌നോളജി ആക്സിലറേഷൻ വിഭാഗത്തിൽ ഇന്റർനാഷണൽ ഡേറ്റ കോർപ്പറേഷന്റെ 2019-ലെ പുരസ്കാരവും ലഭിച്ചിരുന്നു.