നാസിക്: വിവിധ ആവശ്യങ്ങളുന്നയിച്ച് ആയിരക്കണക്കിന് കര്‍ഷകര്‍ മഹാരാഷ്ട്ര നിയമസഭയിലേക്ക് ലോങ് മാര്‍ച്ച് തുടങ്ങി. കാര്‍ഷിക വായ്പ പൂര്‍ണമായും എഴുതിത്തള്ളണമെന്നാണ് ആവശ്യങ്ങളിലൊന്ന്.
 
നാസിക്കിലെ സി.ബി.എസ്. ചൗക്കില്‍നിന്നുമാണ് 180 കിലോമീറ്റര്‍ ദൂരമുള്ള ലോങ്മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. മുംബൈ-ആഗ്ര ദേശീയപാതയിലൂടെയാണ് മാര്‍ച്ച് മുംബൈയിലേക്ക് എത്തുന്നത്. മാര്‍ച്ച് 12-ന് മഹാരാഷ്ട്ര വിധാന്‍ ഭവന്‍ ഘൊരാവോ ചെയ്യുമെന്ന് അഖിലേന്ത്യാ കിസാന്‍ സഭാ നേതാവ് സുനില്‍ മല്‍സുരെ പറഞ്ഞു.
 
കാര്‍ഷികവായ്പ പൂര്‍ണമായും എഴുതിത്തള്ളുന്നതിനോടൊപ്പം വൈദ്യുതിബില്ലും എഴുതിത്തള്ളുക, സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുക എന്നീ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചിട്ടുണ്ട്. സൂപ്പര്‍ ഹൈവേ പദ്ധതിക്കും ബുള്ളറ്റ് തീവണ്ടി പദ്ധതിക്കും നിര്‍ബന്ധിച്ച് സ്ഥലം ഏറ്റെടുക്കുന്നത് എതിര്‍ക്കുമെന്ന് സമരസമിതി നേതാക്കള്‍ വ്യക്തമാക്കി.
 
മഹാരാഷ്ട്ര സര്‍ക്കാര്‍ കര്‍ഷകവിരുദ്ധ നയമാണ് തുടരുന്നതെന്ന് അവര്‍ പറഞ്ഞു. കഴിഞ്ഞ ജുണ്‍മുതല്‍ ഇതുവരെ സംസ്ഥാനത്ത് 1753 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് കിസാന്‍സഭ സെക്രട്ടറി രാജു ദെസ്ലെ പറഞ്ഞു. കിസാന്‍ സഭാ പ്രസിഡന്റ് അശോക് ദാവ്‌ലെ, എം.എല്‍.എ. ജെ.പി. ഗാവിത് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.