മുംബൈ: പ്രശസ്ത ഗായിക ആശാ ഭോസ്ലേയുടെ ലോണാവാലയിലെ വേനല്‍ക്കാല വസതിക്ക് കൂറ്റന്‍ വൈദ്യുതി ബില്‍ കിട്ടിയെന്ന് പരാതി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശംനല്‍കി.

സുഖവാസകേന്ദ്രമായ ലോണാവാലയിലെ ടുംഗര്‍ലി ഡാം റോഡില്‍ ആശയ്ക്കുള്ള വസതിയുടെ പേരിലാണ് മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനി ബില്‍ അയച്ചത്. ബില്ലനുസരിച്ച് സപ്തംബര്‍ മാസം 16,411.84 രൂപയുടെ വൈദ്യുതിയാണ് ആശ ഉപയോഗിച്ചത്. മുന്‍ കുടിശ്ശിക 37,410.35 രൂപയും. എല്ലാം ചേര്‍ത്ത് 53,822.19 അടയ്ക്കാനാണ് നിര്‍ദേശം.

മിക്ക ദിവസങ്ങളിലും അടഞ്ഞുകിടക്കുന്ന വീടാണിതെന്ന് ആശ പറയുന്നു. വളരെക്കുറച്ച് വൈദ്യുതി മാത്രമേ ഉപയോഗിക്കുന്നുള്ളൂ. കമ്പ്യൂട്ടര്‍ സംവിധാനത്തിലെ കുഴപ്പം കാരണമാവും ഇത്രയും വലിയ ബില്‍ വന്നതെന്നാണ് അവര്‍ പറയുന്നത്.

ബില്‍ കിട്ടിയ ഉടന്‍ ഗായിക ബി.ജെ.പി. നേതാവ് അഷീഷ് ഷെലാറെ കണ്ട് പരാതിപറഞ്ഞു. ഷെലാര്‍ വിഷയും സംസ്ഥാന വൈദ്യുതി മന്ത്രി ചന്ദ്രശേഖര്‍ ബവാങ്കുലേയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതേത്തുടര്‍ന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാര്‍ ബന്ധപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശംനല്‍കിയത്.