മുംബൈ: മഹാരാഷ്ട്രയിൽനിന്ന്‌ ഇത്തവണ പാർലമെന്റിലേക്ക് എത്തുന്നത് എട്ടുവനിതകൾ. 2014-ൽ വിജയികളായത് ആറ് വനിതകൾമാത്രമായിരുന്നു.

അമരാവതി മണ്ഡലത്തിൽനിന്ന്‌ വിജയിച്ച സ്വതന്ത്ര സ്ഥാനാർഥി നവനിത് രവി റാണയും ദിൻഡോരിയിൽനിന്ന്‌ വിജയിച്ച ബി.ജെ.പി.യുടെ ഡോ.ഭാരതി പവാറുമാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർ.

മുംബൈ നോർത്ത് സെൻട്രലിൽനിന്ന്‌ ബി.ജെ.പി.യുടെ പൂനംമഹാജൻ, നന്ദുർബറിൽനിന്ന്‌ ബി.ജെ.പി.യുടെ ഹീനാ ഗാവിത്, ബാരാമതിയിൽനിന്ന് എൻ.സി.പി.യുടെ സുപ്രിയ സുലെ, ബീഡിൽനിന്ന് പ്രീതം മുണ്ടെ, റാവറിൽനിന്ന് ബി.ജെ.പി.യുടെ രക്ഷാ ഖഡ്‌സെ, യവത്മൽ-വാഷിമിൽനിന്ന് ഭാവന ഗാവ്‌ലി എന്നിവരാണ് വിജയിച്ച മറ്റുവനിതകൾ.

നവനിത് റാണ ശിവസേനയുടെ ആനന്ദ് അദ്‌സുലിനെയാണ് തോൽപ്പിച്ചത്. ഡോ.ഭാരതിപവാർ 2014-ൽ ദിൻദോരിയിൽ എൻ.സി.പി. ടിക്കറ്റിൽ മത്സരിച്ച് തോറ്റിരുന്നു. ഇത്തവണ അവർ ബി.ജെ.പി.യിലേക്ക് മാറി മത്സരിക്കുകയായിരുന്നു.

മുംബൈ നോർത്ത് സെൻട്രലിൽ പുനം മഹാജൻ കോൺഗ്രസിന്റെ പ്രിയാദത്തിനെയാണ് പരാജയപ്പെടുത്തിയത്. അന്തരിച്ച ബി.ജെ.പി. നേതാവ് പ്രമോദ് മഹാജന്റെ മകളാണ് പൂനം. ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെക്ക്‌ ഇക്കുറി ഹാട്രിക് വിജയമാണ്. കഴിഞ്ഞതവണ അവരുടെ ഭൂരിപക്ഷം 70,000 ആയിരുന്നുവെങ്കിൽ ഇത്തവണ ഭൂരിപക്ഷം 1.5 ലക്ഷത്തിലേക്ക് ഉയർന്നു. രക്ഷാഖഡ്‌സെ ബി.ജെ.പി. നേതാവും മുൻമന്ത്രിയുമായ ഏക്‌നാഥ് ഖഡ്‌സെയുടെ മകളാണ്. പ്രീതം മുണ്ടെ അന്തരിച്ച ബി.ജെ.പി. നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഗോപിനാഥ് മുണ്ടെയുടെ മകളാണ്. മുൻമന്ത്രി വിജയ ്കുമാർ ഗാവിതിന്റെ മകളാണ് ഡോ.ഹീനാ ഗാവിത്.

Content Highlights: eight women from Maharshtra, 2019 Loksabha Elections