പൈട്ടാൻ (മഹാരാഷ്ട്ര): വരൾച്ച രൂക്ഷമായതോടെ മറാത്ത്‌വാഡയിലെ കർഷകകുടുംബങ്ങളിൽ പലതും നഗരങ്ങളിലേക്ക് കുടിയേറുകയാണ്. വെള്ളമില്ലാത്തത് കർഷകരുടെ ജോലിയെ ബാധിച്ചതോടെ ജീവിതം പുലർത്താൻ ഗതിയില്ലാത്ത അവസ്ഥയിലാണ് പല കുടുംബങ്ങളും. തൊട്ടടുത്ത ജില്ലാ ആസ്ഥാനങ്ങളിലും പുണെ, മുംബൈ തുടങ്ങിയ നഗരങ്ങളിലേക്കുമാണ് പലരും ജീവിതം പറിച്ചുനടുന്നത്. സ്വന്തം വീട് ഗ്രാമത്തിലുണ്ടായിട്ടും വാടകയ്ക്ക് വീടെടുത്താണ് ഇവർ നഗരങ്ങളിൽ താമസിക്കുന്നത്. കുട്ടികളുടെ പഠനം, ഉയർന്ന ജീവിതച്ചെലവ് തുടങ്ങി നിരവധി പ്രതിബന്ധങ്ങളുണ്ടായിട്ടും എല്ലാദിവസവും വൈകീട്ട് തുച്ചമാണെങ്കിലും കൃത്യമായി കിട്ടുന്ന കൂലിയാണ് ഇവരെ ഇതിന് പ്രേരിപ്പിക്കുന്നത്. ആത്മഹത്യ ചെയ്യേണ്ട അവസ്ഥ ഒഴിവാക്കാമല്ലോ എന്നാണ് ഇവർ ഈ ജീവിതമാറ്റത്തെക്കുറിച്ച് ചോദിക്കുമ്പോൾ പറയുന്നത്.

ജീവിക്കാൻവേണ്ടി സ്വന്തം നാടിനേയും നാട്ടുകാരേയും വിട്ടുപോരേണ്ടിവരികയാണ്.

ഔറംഗാബാദ് പൈട്ടാൻ താലൂക്കിലെ ബാലാനഗറിൽ പുണെയിലേക്ക് താമസംമാറ്റിയ ശ്രീലങ്ക് ലാസുര ഇതിൽ ഒരാൾമാത്രം. രണ്ടുവർഷം മുമ്പാണ് ലാസുരയും കുടുംബവും പുണെയിലേക്ക് താമസം മാറ്റിയത്. ഒരു ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുക്കാൻ വേണ്ടി കുടംബസമേതം ഗ്രാമത്തിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ലാസുരയെ കണ്ടത്.

പുണെ നാമുൽഗാവിൽ ഹോട്ടലിൽ ജോലിചെയ്യുന്ന ഈ 50-കാരന് ദിവസം 250 രൂപ കിട്ടും. കൃഷിപ്പണിക്ക്‌ പോകുന്ന ഭാര്യക്ക്‌ 200 രൂപയും. മാസം 2000 രൂപ വാടക നൽകിയാണ് ഇവർ പുണെയിൽ താമസിക്കുന്നത്. മൂന്നു പെൺകുട്ടികളിൽ രണ്ട് പേരുടെ വിവാഹം കഴിഞ്ഞു. ഒരാൺകുട്ടിയടക്കം മറ്റു രണ്ട് പേർ പഠിക്കുന്നു. ഇരുവർക്കുമായി വർഷം 40,000 രൂപ ഫീസ്. ഇത്രയും പണം ഗ്രാമത്തിൽ എന്ത് ജോലി ചെയ്താലും കിട്ടില്ലെന്നും കാർഷികജോലികൾ ഇവിടെ ഇല്ലാതായിട്ട് വർഷങ്ങളായെന്നും ലാസുരെ.

‘നാലുവർഷംമുമ്പ് വീട് പണിയാൻവേണ്ടി ബാങ്കിൽ നിന്നും ഒരുലക്ഷം രൂപ കടമെടുത്തിരുന്നു. പലിശ പെരുകി അതിപ്പോൾ മൂന്നുലക്ഷം രൂപയായി. മഴയില്ലാത്തതിനാൽ കൃഷിപ്പണി ഒട്ടുമില്ല. രണ്ട് വർഷത്തോളം ഒരുരൂപ പോലും ബാങ്കിൽ അടയ്ക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് ഇവിടെ വീട് പൂട്ടിയിട്ട് പുണെക്ക്‌ പോകേണ്ടി വന്നു.’- ലാസുരയുടെ ഭാര്യ മീരാഭായ് പറയുന്നു. ബാലാനഗറിൽനിന്നും കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ 25-ൽ പരം കുടുംബങ്ങൾ നഗരങ്ങളിലേക്ക് മാറിത്താമസിച്ചിട്ടുണ്ടെന്ന് ഇവിടത്തെ മാധ്യമപ്രവർത്തകനായ സമീർ പഠാൻ ചൂണ്ടിക്കാട്ടി.

മറ്റു പ്രദേശങ്ങളിലേയും അവസ്ഥ ഇതുതന്നെ. അഡൂളിലെ 65-കാരി സുമൻബായ് ബൻകർ ഇപ്പോൾ വീട്ടിൽ കഴിയുന്നത് ചെറുമകനും മൂന്നാം ക്ലാസ് വിദ്യാർഥിയുമായ ഓംകാർ ബൻകറിനൊപ്പമാണ്. മകൻ രാജാ ബൻകറും കുടുംബവും പുണെയിലേക്ക് താമസം മാറ്റിയിട്ട് മൂന്നര വർഷമായി. പാടത്ത് പണിയെടുത്തിരുന്ന രാജാ ഇപ്പോൾ പുണെയിൽ നിർമാണ തൊഴിലാളിയാണ്. ആറ്ു മാസത്തിലൊരിക്കൽ ഗ്രാമത്തിൽ വന്നു പോകും. സുമൻബായ് എല്ലാമാസവും മകന്റെ അടുക്കലും പോകും. അവൻതരുന്ന പണം കൊണ്ടാണ് ഇരുവരും അഡൂളിൽ കഴിയുന്നത്. മൂന്നു കുട്ടികളിൽ രണ്ട് പേർ പുണെയിലാണ് പഠിക്കുന്നത്. അഡൂളിലെ നല്ലൊരുവിഭാഗം പുരുഷന്മാരും 35 കിലോമീറ്ററോളം അകലെയുള്ള ഔറംഗാബാദ് പട്ടണത്തിൽ എന്നും ജോലിക്ക്‌ പോകുകയാണ്. അതിരാവിലെ പോയി വൈകീട്ട് തിരിച്ചുവരും. കാലവർഷം ചതിച്ചാൽ കൂടുതൽ പേർ ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് ചേക്കേറുമെന്നുറപ്പ്.

Content Highlights: drought and unemployment in marathwada,maharashtra