മുംബൈ: രത്നഗിരിയിലുള്ള നാണാറിൽ തന്നെ എണ്ണ ശുദ്ധീകരണശാല സ്ഥാപിക്കാനായി അനുനയനീക്കവുമായി കേന്ദ്രസർക്കാർ ശിവസേനയെ സമീപിച്ചു. കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുമായി അദ്ദേഹത്തിന്റെ വസതിയായ മാതോശ്രീയിൽ കൂടിക്കാഴ്ച നടത്തി.

മഹാരാഷ്ട്രയ്ക്ക് മാത്രമല്ല രാജ്യത്താകമാനം പ്രയോജനകരമായ പദ്ധതിക്ക് വികസനം മുൻ നിർത്തി പിന്തുണ നൽകണമെന്നുള്ള പ്രധാനമന്ത്രിയുടെ സന്ദേശവുമായിട്ടാണ് ധർമേന്ദ്ര പ്രധാൻ ഉദ്ധവിനെ കണ്ടതെന്നാണ് റിപ്പോർട്ടുകൾ. ബി.ജെ.പി.യുടെ സഖ്യകക്ഷിയായ ശിവസേനയുടെ എതിർപ്പിനെത്തുടർന്ന് നാണാർ എണ്ണശുദ്ധീകരണശാല പദ്ധതിക്ക് ഭൂമിയേറ്റെടുക്കാനുള്ള വിജ്ഞാപനം മഹാരാഷ്ട്ര സർക്കാർ റദ്ദുചെയ്തിരുന്നു. 2015-ൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതിയ്ക്കെതിരേ ശിവസേന രംഗത്തുവരികയായിരുന്നു.

മഹാരാഷ്ട്രയിൽ ബി.ജെ.പി.യുമായിട്ടുള്ള സഖ്യത്തിന് ശിവസേന മുന്നോട്ടുവെച്ച പ്രധാന നിബന്ധനകളിലൊന്നായിരുന്നു നാണാർ പദ്ധതി രത്നഗിരിയിൽനിന്നും മാറ്റണമെന്നുള്ളത്. കൊങ്കൺ മേഖലയുടെ പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന പദ്ധതിയാണ് ഇതെന്നായിരുന്നു സേനയുടെ നിലപാട്. പദ്ധതി കൊങ്കൺ മേഖലയെ നശിപ്പിക്കുമെന്നും വികസനത്തിന്റെ പേരിൽ ആവാസ വ്യവസ്ഥയെ ഇല്ലാതാക്കാൻ അനുവദിക്കുകയില്ലെന്നും ഉദ്ധവ് വ്യക്തമാക്കിയിരുന്നു. സേനയുടെ എതിർപ്പിന്റെ പശ്ചത്തലത്തിൽ പദ്ധതി റയ്ഗഡിലേക്ക് മാറ്റാനും സർക്കാർ ആലോചിച്ചിരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് ഇക്കാര്യം നിയമസഭയെ അറിയിച്ചിരുന്നു. എന്നാൽ റയ്ഗഡിലേക്ക് പദ്ധതി മാറ്റുന്നതിൽ പ്രായോഗിക തടസ്സങ്ങളുണ്ടെന്ന കാരണത്താലാണ് നാണാറിൽതന്നെ പദ്ധതി നിലനിർത്താനുള്ള നീക്കം. എണ്ണശുദ്ധീകരണ ശാലയുടെ 50 ശതമാനം ഓഹരികൾ സൗദി അരാംകോ എണ്ണക്കമ്പനിക്കായിരിക്കും. ബാക്കി 50 ശതമാനം ഓഹരികൾ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ എണ്ണക്കമ്പനികൾ പങ്കിടും. എണ്ണ ശുദ്ധീകരണശാല റയ്ഗഡിലേക്ക് മാറ്റുന്നതിനോട് ശിവസേനയ്ക്ക് എതിർപ്പില്ല.