മുംബൈ: സംസ്ഥാനത്തെ രൂക്ഷമായ വരള്‍ച്ച നേരിടാന്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ബോംബെ ഹൈക്കോടതി സര്‍ക്കാറിനോടാവശ്യപ്പെട്ടു. സമയം വേഗത്തില്‍ പോകുകയാണെന്നും അടുത്തരണ്ടു മൂന്നു മാസങ്ങള്‍ വളരെയേറെ നിര്‍ണായകമാണെന്നും യുദ്ധകാലടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കാത്ത പക്ഷം ദുരന്തമായിരിക്കും സംഭവിക്കുകയെന്നും ജസ്റ്റീസ് വി.എം.കനഡെയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു. വരള്‍ച്ചയെ നേരിടാന്‍ സ്ഥിരം സംവിധാനം തന്നെ സര്‍ക്കാര്‍ ഒരുക്കണമെന്നും ഡിവിഷന്‍ ബഞ്ച് അഭിപ്രായപ്പെട്ടു.

പുണെയില്‍ നിന്നുള്ള പ്രൊഫ. എച്ച്.എം. ദശരഥ സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജിയിലാണ് ഡിവിഷന്‍ ബഞ്ചിന്റെ ഈ നിര്‍ദേശം. കുംഭമേളയ്ക്ക് വെള്ളം വിട്ടുകൊടുക്കുന്നതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയായിരുന്നു അദേഹത്തിന്റേത്.
 
മഹാരാഷ്ട്രയില്‍ മറാത്തവാഡയിലും വിദര്‍ഭയിലുമായി നിരവധി ഗ്രാമങ്ങള്‍ വരള്‍ച്ചയുടെ പിടിയിലാണെന്നും കര്‍ഷകര്‍ കൃഷി നശിക്കുന്നത് മൂലം ആത്മഹത്യ ചെയ്ത് കൊണ്ടിരിക്കുകയാണെന്നും എല്ലാവര്‍ക്കും അറിവുള്ളതാണ്.
 
ഇവിടെ സര്‍ക്കാര്‍ അടിയന്തരമായ നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നുവെന്ന് കോടതി എടുത്ത കാട്ടി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട കോടതി കേസ് പരിഗണിക്കുന്നത് അടുത്ത ആഴ്ചയിലേക്ക് നീട്ടി.