മുംബൈ : സൈനികരഹസ്യങ്ങൾ വാട്‌സാപ്പ് വഴി പങ്കുവെച്ച റിപ്പബ്ലിക് ടി.വി. എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കുനേരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരത്തിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും പരാതി നൽകാൻ കോൺഗ്രസ് തീരുമാനിച്ചു.
അർണബിനെതിരേ ഔദ്യോഗിക രഹസ്യനിയമപ്രകാരം നടപടിയെടുക്കാൻ കഴിയുമോ എന്നതുസംബന്ധിച്ച് നിയമോപദേശം തേടിയതായി ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് അറിയിച്ചു.
അർണബിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ടി.വി. ഓഫീസിലേക്ക് മാർച്ച് നടത്തിയതിനുപിന്നാലെയാണ് ഈയാവശ്യമുന്നയിച്ച് എല്ലാ പോലീസ് സ്റ്റേഷനിലും പരാതിനൽകാൻ കോൺഗ്രസ് മുംബൈ ഘടകം തീരുമാനിച്ചത്. അർണബിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മുംബൈ ഘടകം പ്രസിഡന്റ് ഭായി ജഗ്താപും വർക്കിങ് പ്രസിഡന്റ് ചരൺ സിങ് സപ്രയും മുംബൈ പോലീസ് കമ്മിഷണർ പരംബീർ സിങ്ങിനെ കാണും. അതിനുശേഷം ആസാദ് മൈതാൻ പോലീസ് സ്റ്റേഷനിൽ പരാതിനൽകും.
അതിനുപിന്നാലെ പാർട്ടിപ്രവർത്തകർ മറ്റു പോലീസ് സ്റ്റേഷനുകളിലും പരാതിയുമായെത്തുമെന്ന് ചരൺസിങ് സപ്ര പറഞ്ഞു.
പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിനൽകാൻ പാകിസ്താനിലെ ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെക്കുറിച്ചും ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയുന്നതിനെക്കുറിച്ചും അർണബ് ഗോസ്വാമിക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നെന്നാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാട്‌സാപ്പ് ചാറ്റ് രേഖകൾ സൂചിപ്പിക്കുന്നത്. ഞെട്ടലുളവാക്കുന്ന കാര്യമാണിതെന്ന് ആഭ്യന്തര മന്ത്രി അനിൽ ദേശ് മുഖ് പത്രസമ്മേളനത്തിൽ പറഞ്ഞു.
പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പ്രതിരോധമന്ത്രിക്കും മാത്രം അറിയാവുന്ന കാര്യങ്ങൾ ടെലിവിഷൻ അവതാരകന് കിട്ടിയത് എങ്ങനെയാണെന്ന് കേന്ദ്ര സർക്കാരിനോട് ആരായുമെന്ന് അദ്ദേഹം പറഞ്ഞു. ഔദ്യോഗിക രഹസ്യനിയമപ്രകാരം സംസ്ഥാനസർക്കാരിന് അർണബിനെതിരേ കേസെടുക്കാനാവുമോ എന്നകാര്യത്തിൽ നിയമോപദേശം തേടിയിട്ടുണ്ട്.