പുണെ : പൗരത്വനിയമ ഭേദഗതിക്കെതിരെയും ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാല വിദ്യാർഥികൾക്കെതിരെ ഉണ്ടായ പോലീസ് നടപടിയിലും പ്രതിഷേധിച്ച്‌ പുണെയിൽ തുടർച്ചയായി മൂന്നാം ദിവസവും വിവിധ കലാലയങ്ങളിൽ വിദ്യാർഥി പ്രതിഷേധം തുടരുന്നു .പുണെ ഫെർഗൂസൺ കോളേജിൽ ഒട്ടേറെ വിദ്യാർഥികൾ പ്രതിഷേധവുമായി കോളേജ് കവാടത്തിൽ ഒത്തുകൂടി .പോലീസെത്തി ഇവരെ ഇവിടെനിന്നു മാറ്റിയതിനെത്തുടർന്ന് വിദ്യാർഥികൾ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ കാമ്പസിനുള്ളിൽ ഒപ്പുശേഖരണവും നടത്തി .ഈ ഒപ്പുകൾ പുണെ കളക്റ്റർക്ക് സമർപ്പിക്കുമെന്ന് സമരരംഗത്തുള്ള വിദ്യാർഥികൾ പറഞ്ഞു .

ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാല പൂർവവിദ്യാർഥികൾ പുണെ കളക്ടറേറ്റിന്‌ മുന്നിൽ പ്രതിഷേധപ്രകടനം നടത്തി .നാട്ടുകാരും ഇവരോടൊപ്പം സമരത്തിൽ പങ്കാളികളായി . സാവിത്രി ഭായ് ഫുലെ പുണെ യൂണിവേഴ്സിറ്റിയിലും വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തുണ്ട് .

ബുധനാഴ്ച വൈകുന്നേരം വിദ്യാർഥി സംഘടനകൾ നടത്തിയ പ്രതിഷേധ മാർച്ചിൽ വിവിധ കോളേജുകളിൽ നിന്നുള്ള ആയിരത്തിലധികം വിദ്യാർഥികളും അധ്യാപകരും പൊതുജനങ്ങളും പങ്കെടുത്തു .സർവകലാശാലയിലെ പ്രധാന കെട്ടിടത്തിൽ നിന്ന് ആരംഭിച്ച്‌ കാമ്പസിലെ ഡോ. അംബേദ്കർ പ്രതിമ വരെയായിരുന്നു മാർച്ച് .തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ സുപ്രിയ സുലെ എം. പി. പങ്കെടുത്തു സംസാരിച്ചു.

Content Highlights: Citizenship Act Amendment; Student protests continue in Pune