പുണെ: കഴിഞ്ഞ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ആലുവ കിഴക്കമ്പലം സ്വദേശി സുമത്തിന് ചിഞ്ച്‌വാഡ് മലയാളി സമാജം നിർമിച്ചുനൽകിയ വീടിന്റെ താക്കോൽദാനം നടന്നു.

രോഗിയായ സുമയും കൂലിപ്പണിക്കാരനായ ഭർത്താവ് പ്രസന്നനും രണ്ടു പെൺകുട്ടികളുമടങ്ങുന്ന കുടുംബത്തിന് വീടൊരുക്കുന്ന ദൗത്യം ആലുവ വില്ലേജ് ഓഫീസർ മുരുകന്റെ അഭ്യർഥനയെത്തുടർന്ന് ചിഞ്ച്‌വാഡ് മലയാളി സമാജം ഏറ്റെടുത്തു. നാട്ടുകാരും ദുരിതാശ്വാസ പ്രവർത്തനത്തിനായി കണ്ണൂരിൽനിന്നും കാസർകോട്ടുനിന്നും വന്ന സന്നദ്ധപ്രവർത്തകരും ചേർന്ന് വാങ്ങിനൽകിയ മൂന്ന് സെന്റ് സ്ഥലത്താണ് വീട് പണിതത്.

എടത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം സ്വപ്നാ ഉണ്ണി ഉദ്ഘാടനംചെയ്തു. പദ്ധതി കോ-ഓർഡിനേറ്റർ സി.ആർ. ശശിധരൻ താക്കോൽദാനം നിർവഹിച്ചു. കൊച്ചി റവന്യൂ റിക്കവറി ഓഫീസർ മുരുകൻ, എടത്തല ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ മായിൻ, റുഖിയ റഷീദ്, ചിഞ്ച്‌വാഡ് മലയാളി സമാജം അംഗങ്ങളായ എം.കെ. മോഹൻദാസ്, എം. വാസുദേവൻ, ജോയ് ജോസഫ്, ജി.എസ്. നായർ തുടങ്ങിയവർ പങ്കെടുത്തു.