മുംബൈ: പശ്ചിമ റെയിൽവേയിലെ ചില സ്റ്റേഷനുകളിൽ പുരുഷന്മാർക്കുള്ള ഫസ്റ്റ് ക്ലാസ് കോച്ച് എന്നെഴുതിയ ബോർഡുകൾ വിവാദമായി. റെയിൽവേയിൽ ഇത്തരത്തിൽ ഒരു കോച്ചു നിലവിലില്ലാത്ത സ്ഥിതിയ്ക്ക് എങ്ങിനെ ഈ ബോർഡ് വന്നു എന്നതാണ് പ്രശ്നം. സ്ത്രീകൾക്കുള്ള ഫസ്റ്റ് ക്ലാസ് കോച്ചിന് പുറമെ ലോക്കൽ ട്രെയിനിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും കയറാൻ കഴിയുന്ന ജനറൽ ഫസ്റ്റ് ക്ലാസ് കോച്ചാണുള്ളത്. പുരുഷന്മാർക്ക് മാത്രമായി ഒരു ഫസ്റ്റ് ക്ലാസ് കോച്ച് എവിടെയുമില്ല.
മാഹിം, അന്ധേരി തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളിൽ ഹാർബർ ലൈൻ വണ്ടികൾ വന്നു നിൽക്കുന്ന പ്ലാറ്റ്ഫോമുകളിലാണ് ഈ ബോർഡ് പ്രത്യക്ഷപ്പെട്ടത്. സംഭവം വിവാദമായതിനെത്തുടർന്ന് പശ്ചിമ റെയിൽവേയിലെ ഉന്നതാധികാരികൾ ഇതിൽ നടപടിയെടുക്കാൻ തീരുമാനിച്ചിരിക്കയാണ്. ബോർഡുകൾ ഉടൻ തന്നെ മാറ്റുമെന്ന് റെയിൽവേ പറയുന്നു.