താനെ: താനെയിലും പരിസരങ്ങളിലുമായി സംഘടിപ്പിച്ച പതിനാറാമത് പക്ഷി നിരീക്ഷണഗണനത്തിൽ ജൂൺമാസത്തിൽ മഴക്കാലാരംഭത്തിലെത്തുന്ന 103 ഇനത്തിൽപ്പെട്ട 3934 പക്ഷികളെ കണ്ടെത്തി. പരിസ്ഥിതി ബോർഡിന്റെ പക്ഷി നിരീക്ഷണ ദൗത്യത്തിൽ 47 പക്ഷി നിരീക്ഷകരും പക്ഷി സ്നേഹികളും പങ്കെടുത്തു. പതിവുപോലെ താനെ ഈസ്‌റ്റ് ഉൾക്കടൽ പ്രദേശം, കോൽഷേത് റോഡ്, മുംബ്ര കുന്ന്, മുംബ്ര ഉൾക്കടൽ, താനെ മനോരോഗാശുപത്രി പ്രദേശം, താനെ വെസ്റ്റിലെ ഉൾക്കടൽ, സഞ്ജയ്ഗാന്ധി ദേശീയ ഉദ്യാനം, മാൻപാഡ, യേവൂർ, പഡ്‌ലെകിഡ്കാളി എന്നീ ഭാഗങ്ങളായിലായിട്ടാണ് പക്ഷി നിരീക്ഷണവും കണക്കെടുപ്പും നടന്നത്.

പൊന്മാൻ ഇനത്തിൽപ്പെട്ട ഓറിയന്റൽ ഡ്വാർഫ് കിംഗ്ഫിഷർ, കുയിൽ ഇനത്തിൽപ്പെട്ട പൈഡ് കുക്കു, ഗ്രെ ബെല്ലീഡ് കുക്കു, ഇന്ത്യൻ കുക്കു, കോമൺ ഹാക് കുക്കു എന്നിങ്ങനെ മഴക്കാലത്ത് പ്രജനനത്തിനായി എത്തിയ വിവിധയിനം പക്ഷികളെ കണ്ടെത്തിയതായി നിരീക്ഷകർ വെളിപ്പെടുത്തി. ഇത്തവണത്തെ പ്രധാനാകർഷണം യേവൂർ പരിസരത്ത് കണ്ടെത്തിയ ബ്ലാക്ക് ഈഗിൾ എന്ന അപൂർവ ഇനം പരുന്തായിരുന്നുവെന്ന് അവർ അവകാശപ്പെട്ടു.

പരിസ്ഥിതി ബോർഡിന്റെയും ഹോപ്പ് ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ 2013 മുതൽ മൂന്നും നാലും മാസം ഇടവിട്ട് ഓരോ വർഷവും സംഘടിപ്പിച്ചുവരുന്ന പക്ഷി നിരീക്ഷണവും പക്ഷികളുടെ കണക്കെടുപ്പും പ്രകാരം ഇപ്പോൾ കണ്ടെത്തിയ പക്ഷികളടക്കം മൊത്തം 239 ഇനം പുതിയ പക്ഷികളാണ് രേഖയിലുള്ളത്. ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന പതിനഞ്ചാമത് കണക്കെടുപ്പിൽ 135 ഇനങ്ങളിൽപെട്ട 3732 പക്ഷികളെ കണ്ടെത്തിയിരുന്നു. അതിൽ പഡ്‌ലെകിഡ്കാളി ഭാഗത്തുനിന്ന് മാത്രമായി 77 ഇനം പക്ഷികളെയാണ് കണ്ടെത്തിയത്. ഇത്തവണ ഈ ഭാഗത്തുനിന്ന് 60 ഇനം പക്ഷികളെയും കണ്ടെത്തി.

ചിലയിനം പക്ഷികൾ ദേശാടനം കഴിഞ്ഞ് തിരിച്ചുപോകാൻ വൈകിയതിനാലാണ് ജൂൺമാസത്തെ അപേക്ഷിച്ച് മാർച്ചിലെ കണക്കെടുപ്പിൽ കൂടുതൽ പക്ഷികളെ കാണാൻ കഴിഞ്ഞതെന്ന് സംഘാടകർ പറഞ്ഞു. അതേസമയം കഴിഞ്ഞവർഷം ഡിസംബറിൽ നടന്ന പതിനാലാമത് കണക്കെടുപ്പിൽ അതുവരെയുള്ള രേഖയിലൊന്നുമില്ലാത്ത ഫോറസ്റ്റ് വാഗ്‌ടെയിൽ(വാലാട്ടി പക്ഷി), ലോട്ടൻസ് സൺബേർഡ്(തേൻകുടിയൻ പക്ഷി) എന്നീ പുതിയ രണ്ടിനംപക്ഷികളെ കണ്ടെത്തിയിരുന്നു.