പുണെ: ഭീമാ കൊരേഗാവ് സംഘര്‍ഷത്തില്‍ പോലീസ് കേസെടുത്ത തീവ്രഹിന്ദു സംഘടന നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകള്‍ മഹാമോര്‍ച്ച സംഘടിപ്പിക്കുന്നു. ഈ മാസം 28-ന് മുംബെയിലെ ആസാദ് മൈതാനത്തായിരിക്കും പരിപാടിയെന്ന് പീപ്പിള്‍സ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് പ്രൊഫ. ജോഗേന്ദ്ര കാവഡെ പറഞ്ഞു.

ജനുവരി ഒന്നിന് പുണെയിലെ ഭീമാ കൊരെഗാവില്‍ നടന്ന സംഘര്‍ഷത്തിന്റെ പേരില്‍ സംസ്ഥാന വ്യാപകമായി ദളിത് വിഭാഗത്തിനെതിരേ സര്‍ക്കാര്‍ പ്രതികാര നടപടികള്‍ തുടരുന്നുണ്ടെന്ന് ആരോപിച്ച് ദളിത് സംഘടനകള്‍ പുണെയിലെ കൗണ്‍സില്‍ ഹാളിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു. ധര്‍ണയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസ്സില്‍ ഉള്‍പ്പെട്ട സമസ്ത ഹിന്ദുഅഗാദി നേതാവ് മിലിന്ദ് ഏക്‌ബോട്ടെ, ശിവപ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാന്‍ നേതാവ് സംഭാജി ബിഡെ എന്നിവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തില്‍ മുഴുവന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളും 28-ന് ആസാദ് മൈതാനത്ത് ഒത്തുചേരും. കേന്ദ്രമന്ത്രി രാംദാസ് അതാവലെ, ഭാരിപ ബഹുജന്‍ മഹാസംഘ് നേതാവ് പ്രകാശ് അംബേദ്കര്‍ എന്നിവരും മുംബൈയിലെ മഹാ മോര്‍ച്ചയില്‍ പങ്കെടുക്കും.

ഭീമാ കൊരെഗാവ് സംഘര്‍ഷത്തെ തുടര്‍ന്ന് ജനുവരി മൂന്നിന് നടന്ന സംസ്ഥാന ബന്ദിന് ശേഷം ദളിത് സമുദായംഗങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ പോലീസ് പ്രതികാര നടപടികള്‍ വ്യാപകമാണ്. ഭീമ കൊരെഗാവ് സംഘര്‍ഷത്തിന് കാരണക്കാരായ സംഭാജീ ബിഡെ, മിലിന്ദ് എക്‌ബോട്ടെ എന്നിവരെ സംരക്ഷിക്കുന്നതിലാണ് ബി.ജെ.പി. യും ആര്‍. എസ്. എസ്. ന്റെയും കേസ്സിലെ പ്രധാന താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.

കേസ്സില്‍ സമസ്ത ഹിന്ദു അഗാദി നേതാവ് മിലിന്ദ് എക്‌ബോട്ടെ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തള്ളിയ സാഹചര്യത്തില്‍ ഇവരുടെ അറസ്റ്റ് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി രാംദാസ് അതാവലെ നേരത്തെ രംഗത്ത് എത്തിയിരുന്നു.

മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഒരു കലാപമാണ് ഭീമാ കൊരെഗാവില്‍ ജനുവരി ഒന്നിനുണ്ടായത് എന്നാണ് താനും തന്റെ പാര്‍ട്ടിയും വിശ്വസിക്കുന്നതെന്നാണ് അതാവലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നത് . മിലിന്ദ് എക്‌ബോട്ടെയും സംഭാജി ബിഡെയമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നും അദ്ദേഹം ആരോപിച്ചിരുന്നു.