mumbai
മുംബൈയിലെ ഡബിൾഡെക്കർ
ബസുകളിലൊന്ന് (ഫയൽ ചിത്രം)

മുംബൈ: മഹാനഗരത്തിന്റെ മുഖമുദ്രകളിലൊന്നായ ഡബിൾഡെക്കർ ബസുകൾ മുംബൈയിൽനിന്ന് അപ്രത്യക്ഷമാകില്ല. കാലപ്പഴക്കംചെന്ന ബസുകൾക്കു പകരം 50 ഡബിൾഡെക്കറുകൾ വാങ്ങാൻ ബൃഹൻമുംബൈ ഇലക്ടിസിറ്റി സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് (ബെസ്റ്റ്) തീരുമാനിച്ചു.

ബെസ്റ്റിന്റെ 120 ഡബിൾഡെക്കറുകളാണ് നിലവിൽ മുംബൈയിൽ സർവീസ് നടത്തുന്നത്. അതിൽ 70 എണ്ണത്തിന്റെ 14 വർഷ കാലപരിധി കഴിയാറായി. ഈവർഷം ജൂണിലും അടുത്തവർഷം മാർച്ചിലുമായി ഇവ നിരത്തിൽനിന്ന് ഒഴിവാകും. ഘട്ടംഘട്ടമായി ബാക്കിയുള്ള ഡബിൾഡെക്കറുകളും നിരത്തൊഴിയുമെന്നാണ് ബെസ്റ്റ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ ഡബിൾഡെക്കർ ബസുകൾ മുംബൈയുടെ പൈതൃകത്തിന്റെ ഭാഗമാണെന്നും അവ പൂർണമായി ഒഴിവാക്കരുതെന്നും ആവശ്യമുയർന്നു. ഇക്കാര്യമുന്നയിച്ച് ബെസ്റ്റ് അധികൃതർക്ക് നിരവധി ഫോൺ സന്ദേശങ്ങൾ ലഭിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ബസുകൾ വാങ്ങാനുള്ള തീരുമാനം.

ആദ്യഘട്ടത്തിൽ 50 ഡബിൾഡെക്കർ ബസുകൾ വാങ്ങാനാണ് ബെസ്റ്റ് അധികൃതർ ആലോചിക്കുന്നത്. നിലവിലുള്ള ഡബിൾഡെക്കറുകളുടെ ഷാസി നിർമിച്ചിരിക്കുന്നത് അശോക് ലെയ്‌ലൻഡ് ആണ്. ആന്റണി ഗാരേജാണ് ബോഡിയുണ്ടാക്കുന്നത്. പുതിയ ബസുകളുടെ കരാർ ആർക്കു നൽകണമെന്ന് തീരുമാനിച്ചിട്ടില്ല. മുംബൈയിൽ 1937-ൽ ആണ് ഡബിൾഡെക്കർ ബസുകൾ ആദ്യമായിവരുന്നത്. 140 പേർക്ക് ഇരിക്കാവുന്ന ഈ ബസുകൾ തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളെ നഗരത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കാൻ ഏറെ പ്രയോജനം ചെയ്തിരുന്നു.

എന്നാൽ അടുത്ത കാലത്ത് ഇവയിൽ യാത്രക്കാർ കുറയുകയും ബെസ്റ്റിന്റെ സാമ്പത്തികപ്രതിസന്ധി മൂർച്ഛിക്കുകയും ചെയ്തു. വലിയ ബസുകളുടെ എണ്ണം കുറച്ച് മിനിബസുകൾ അവതരിപ്പിക്കാൻ അധികൃതർ പദ്ധതി തയ്യറാക്കി. കാലാവധി കഴിയുന്നമുറയ്ക്ക് ഡബിൾഡെക്കർ ബസുകളെ നിരത്തിൽനിന്ന് ഒഴിവാക്കാനുള്ള തീരുമാനം അതിന്റെ തുടർച്ചയായിരുന്നു. ഈവർഷവും അടുത്തവർഷവുമായി നിരത്തിൽനിന്ന് ഒഴിയുന്ന ഡബിൾഡെക്കർ ബസുകൾ സ്വയംസഹായ സംഘങ്ങളെ ഏൽപ്പിക്കാനാണ് ബെസ്റ്റിന്റെ തീരുമാനം. റോഡരികിലുള്ള ഭക്ഷണശാലകളായി ഇവ രൂപം പ്രാപിക്കും.

Content Highlights; BEST All Set To Purchase 50 More Double Decker Buses