പുണെ: നമ്മുടെ ഭാഷയെയും സംസ്കാരത്തെയും സംരക്ഷിക്കാൻ നമുക്കാവണമെന്ന് ഐക്യ ജനാധിപത്യ മുന്നണി കൺവീനർ ബെന്നി ബെഹനാൻ എം.പി. പറഞ്ഞു. വിശ്രാന്തവാടി മലയാളി അസോസിയേഷന്റെ ഓണാഘോഷപരിപാടികൾ വിശ്രാന്തവാടി ധനോരി ഓം ചൈതന്യ ഗഗൻഗിരി മംഗൾ കാര്യാലയത്തിൽ ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യത്യസ്തമായ മതങ്ങൾ, ആചാരങ്ങൾ, ഭാഷകൾ, ഭക്ഷണങ്ങൾ, വേഷങ്ങൾ, കലകൾ, സംസ്കാരിക പാരമ്പര്യം എന്നിവകൊണ്ട് വൈവിധ്യമായ ഒരു രാഷ്ട്രമാണ് ഇന്ത്യ. ഇതുതന്നെയാണ് ഇന്ത്യയുടെ മഹിമയും എന്നാൽ ഇന്ന് ഇതിനെതിരെയുള്ള അധിനിവേശങ്ങൾ പലയിടങ്ങളിലും നടന്നുവരുന്നു. അതുകൊണ്ടുതന്നെ അതിനെ പ്രതിരോധിക്കാനും നമ്മുടെ ഭാഷയെയും ആചാരങ്ങളെയും സംസ്കാരത്തെയുമൊക്കെ സംരക്ഷിക്കാനും എല്ലാവരും മുന്നോട്ടുവരണം. എന്നാൽ മാത്രമേ നമ്മുക്ക് നമ്മുടെ രാജ്യത്തിന്റെ മഹത്തായ സംസ്കാരം കാത്തുസൂക്ഷിക്കാൻ കഴിയൂ- അദ്ദേഹം പറഞ്ഞു. പുണെ മലയാളികളുടെ റെയിൽവേ യാത്ര പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കേരളത്തിലെ മുഴുവൻ എം.പി.മാരെയും സംഘടിപ്പിച്ച് വേണ്ട കാര്യങ്ങൾ ചെയ്യാമെന്ന് അദ്ദേഹം ഉറപ്പുനൽകി.

സമാജം പ്രസിഡന്റ് എ.എസ്. ഹംസയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കമൽ ഫൗണ്ടേഷൻ പ്രസിഡന്റ് ചന്ദ്രകാന്ത് ടിംഗരെ, മലബാർ സിമൻറ്‌്സ്‌ ഡയറക്ടറും അയോക്കി ഫാബ്രിക്കോൺ എം.ഡി.യുമായ എസ്. ഗണേഷ്‌കുമാർ, പുണെ മലയാളി ഫെഡറേഷൻ പ്രസിഡന്റ് കെ. ഹരിനാരായണൻ, ഖജാൻജി രാജൻ ആർ. നായർ, സുഭാഷ് സിപ്പി തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ എച്ച്.എസ്.സി., എസ്.എസ്.സി. പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും മലയാളം മിഷൻ അധ്യാപകരെയും ആദരിച്ചു. ശാരീരിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികൾക്ക് വീൽ ചെയർ വിതരണംചെയ്തു. തുടർന്ന് വിവിധ കലാപരിപാടികളും ഓണസദ്യയുമുണ്ടായിരുന്നു.