മുംബൈ: ആഡംബര കപ്പലിൽ ലഹരിവിരുന്ന് നടത്തിയകേസിൽ ജയിലിൽകഴിയുന്ന ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിലെ വാദം പ്രത്യേകകോടതിയിൽ ബുധനാഴ്ച നടക്കും.

മജിസ്‌ട്രേറ്റ് കോടതി വെള്ളിയാഴ്ച ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പ്രത്യേകകോടതിയെ സമീപിച്ചത്. മുതിർന്ന അഭിഭാഷകർ അമിത് ദേശായും സതീഷ് മാനെ ഷിന്ദേയുമാണ് നടൻ ഷാരൂഖ് ഖാന്റെ മകനായ ആര്യൻ ഖാന് വേണ്ടി പ്രത്യേക കോടതിയിൽ ഹാജരായത്. ലഹരിവസ്തു പിടിച്ചെടുക്കാതെ ഇത്രയുംദിവസം കസ്റ്റഡിയിൽ കിടക്കേണ്ടിവരുന്ന ആദ്യത്തെ ആളാണ് ആര്യൻ ഖാനെന്നും ജാമ്യാപേക്ഷയിൽ അടുത്തദിവസം തന്നെ തീർപ്പുകൽപ്പിക്കണമെന്നും അഭിഭാഷകൻ വാദിച്ചു. ഏഴു ദിവസം കസ്റ്റഡിയിലുണ്ടായിട്ടും ആര്യൻ ഖാനെ ഒരുദിവസമാണ് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) ഉദ്യോഗസ്ഥർ ചോദ്യംചെയ്തത്. അതിനാൽ ജാമ്യംകൊടുക്കാതിരിക്കാൻ കാരണമൊന്നുമില്ലെന്നും കോടതിയിൽ വാദിച്ചു. ഇതിനുള്ള മറുപടി ബുധനാഴ്ച നൽകാൻ എൻ.സി.ബി.യോട് കോടതി ആവശ്യപ്പെട്ടു. മറുപടിക്ക്‌ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.എം. ചിമൽക്കാർ ഒരാഴ്ച ചോദിച്ചു. കൃത്യമായ മറുപടി സമർപ്പിക്കാനും അന്വേഷണ തെളിവുകൾ സമർപ്പിക്കാനും സമയം വേണമെന്നായിരുന്നു ആവശ്യം. എന്നാൽ ഇതിനെ ആര്യൻ ഖാന്റെ അഭിഭാഷകർ എതിർത്തു. വ്യാഴാഴ്ച വരെ സമയം തരണമെന്ന് എൻ.സി.ബി.ക്ക്‌ വേണ്ടി ഹജരായ പബ്ലിക് പ്രോസിക്യൂട്ടർ അദ്വൈത് സേത്‌ന അഭ്യർഥിച്ചെങ്കിലും ബുധനാഴ്ച മറുപടി തരാൻ കോടതി ആവശ്യപ്പെട്ടു.

ബുധനാഴ്ച രാവിലെ എഴുതി തയ്യാറാക്കിയ മറുപടിനൽകാനും മറ്റെന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ ഉച്ചയ്കുശേഷം സമയം അനുവദിക്കാമെന്നും കോടതി വ്യക്തമാക്കി.

അതേസമയം, അറസ്റ്റിലായ ആര്യൻ ഖാന്റെ സുഹൃത്ത് അർബാസ് മർച്ചന്റിന്റെ ജാമ്യാപേക്ഷ പ്രത്യേക കോടതിയിൽ ചൊവ്വാഴ്ച സമർപ്പിക്കും. അർബാസിന്റെ അഭിഭാഷകൻ ലഹരി വിരുന്നുനടന്ന കപ്പലിന്റേയും മറ്റും സി.സി.ടി.വി. ദൃശ്യങ്ങൾ എൻ.സി.ബി.യോട് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചിട്ടില്ല. അർബാസിൽനിന്ന്‌ ആറു ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തുവെന്നാണ് എൻ.സി.ബി.യുടെ വാദം. എന്നാൽ, തന്റെപക്കൽ ലഹരി മരുന്നില്ലായിരുന്നുവെന്നാണ് അർബാസിന്റെ വാദം. ഇത് പരിശോധിക്കാനാണ് സി.സി.ടി.വി. ദൃശ്യങ്ങൾ ആവശ്യപ്പെട്ടത്.

ഒക്ടോബർ രണ്ടിന് രാത്രിയിലാണ് കോർഡെലിയ എന്ന ആഡംബരക്കപ്പലിൽ നടന്ന ലഹരി വിരുന്നിനിടയിൽ ആര്യൻ ഖാൻ അടക്കം എട്ടുപേർ അറസ്റ്റിലാകുന്നത്. ഇവരെ ചോദ്യം ചെയ്തതിൽനിന്നും ലഭിച്ച വിവരത്തെ തുടർന്ന് രണ്ട് വിദേശികളടക്കം 12 പേർകൂടി അറസ്റ്റിലായി.