നവിമുംബൈ : കോവിഡ് ബാധിതരുടെ എണ്ണം അനുദിനം കൂടിവരുന്ന നവിമുംബൈയിൽ രോഗികൾക്ക് സമയത്തിന് ഓക്സിജൻ സൗകര്യമുള്ള കിടക്കകളോ, ഐ.സി.യു. വോ വെന്റിലേറ്ററുകളോ ലഭ്യമാകുന്നില്ലെന്ന് പരാതി ഉയരുന്നു. അതുകൊണ്ടുതന്നെ ശ്വാസതടസ്സമടക്കമുള്ള പ്രശ്നങ്ങളുമായി ആശുപത്രിയിലെത്തുന്ന കോവിഡ് രോഗികൾക്ക് ആശുപത്രികളിൽനിന്ന് ആശുപത്രികളിലേക്ക് ഒാടേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.

രോഗികളുമായി പോകുന്ന ആംബുലൻസുകൾ അമിത നിരക്കാണ് ഈടാക്കുന്നത്. അതിനാൽ പലരും രോഗികളുമായി മുംബൈയിലെ മറ്റ് ആശുപത്രികളിലേക്ക് പോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്. അതേസമയം ഓക്‌സിജൻ കിടക്കകളിൽ 40 ശതമാനവും ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നാണ് മുനിസിപ്പൽ കമ്മിഷണർ അഭിജിത് ബംഗാർ പറയുന്നത്. ഐ.സി.യു. വെന്റിലേറ്റർ എന്നിവ 90 ശതമാനവും ഇപ്പോൾ ഉപയോഗത്തിലാണെന്നും കമ്മിഷണർ പറഞ്ഞു.

ഡിവൈ പാട്ടീൽ ആശുപത്രിയുടെ സഹായത്തോടെ ഉടൻ 200 ഐ.സി.യു. കിടക്കകൾ സജ്ജീകരിക്കുന്നുണ്ടെന്നും ഇതോടെ കിടക്കകളുടെ ക്ഷാമം പരിഹരിക്കപ്പെടുമന്നും കൂടുതൽ സ്വകാര്യ ആംബുലൻസുകളെ എൻ.എം.എം.സി. സർവീസിന്റെ ഭാഗമാക്കിയിട്ടുണ്ടെന്നും ഇവ അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതിക്ക് ഇത് പരിഹാരമാകുമെന്നും മുനിസിപ്പൽ കമ്മിഷണർ അറിയിച്ചു.

നവി മുംബൈയിൽ രോഗവ്യാപനം ഏറ്റവും കുറവ് ദിശയിലാണ്. പൊതുവെ ജനസാന്ദ്രത കുറഞ്ഞതും അധികം വാണിജ്യകേന്ദ്രങ്ങൾ ഇല്ലാത്തതുമായ പ്രദേശമാണിത്. നെരൂൾ, കോപ്പർഖൈർണ എന്നിവിടങ്ങളിലാണ് ഏറ്റവും ഉയർന്ന രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വാഷി, തുർഭെ എന്നിവിടങ്ങളിൽ രോഗവ്യാപനത്തോത് കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. എന്നാൽ ഐരോളി, ഘൻസോളി എന്നിവിടങ്ങളിൽ രോഗബാധ നേരത്തെയുള്ളതിനേക്കാൾ കൂടി വരികയാണ്. പരിശോധനകളുടെ എണ്ണം കൂട്ടുന്നതിന്റെ ഭാഗമായി ഈ മേഖലകളിൽ റാപ്പിഡ് ആന്റിജൻ പരിശോധനകൾ നടന്നുവരികയാണ്. ഗുരുതരാവസ്ഥയിലുള്ളവർക്ക് പ്ലാസ്മ തെറാപ്പി വേണ്ടിവരുമെന്നതിനാൽ രോഗം ഭേദമായവരിൽനിന്ന് പ്ലാസ്മ ശേഖരിക്കുന്നതിന്റെ ഭാഗമായി നടത്തിയ ക്യാമ്പിൽ നാല്പതോളം പേരെ സ്ക്രീനിങ്ങിന് വിധേയമാക്കി. ഇതിൽ 25 പേർ പ്ലാസ്മദാനത്തിന് യോഗ്യരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.