മുംബൈ : നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ബിഹാർ പോലീസ് മുംബൈയിലെത്തി സഹോദരിയുടെയും പാചകക്കാരന്റെയും മൊഴിയെടുത്തു. അതേസമയം, മഹാരാഷ്ട്ര സർക്കാരിന്റെ അനുമതിയില്ലാതെ സംസ്ഥാനത്തുവന്ന് ബിഹാർ പോലീസിന് ഈ കേസ് അന്വേഷിക്കാനാവില്ലെന്ന് സംസ്ഥാന ആഭ്യന്തരസഹമന്ത്രി ശംഭുരാജ് ദേസായി പറഞ്ഞു. സുശാന്തിന്റെ മരണത്തിന് ഉത്തരവാദി കൂട്ടുകാരി റിയ ചക്രവർത്തിയാണെന്ന് ആരോപിച്ച് സുശാന്തിന്റെ അച്ഛൻ കെ.കെ. സിങ് പട്‌ന പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിഹാർ പോലീസ് കേസ് അന്വേഷിക്കുന്നത്.

സുശാന്തിന്റെ മരണത്തെക്കുറിച്ച് മുംബൈ പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ബിഹാറിൽ സമാന്തര അന്വേഷണം തുടങ്ങിയത്. സുശാന്തിന്റെ കുടുംബാംഗങ്ങളുമായി മുംബൈ പോലീസ് സംസാരിച്ചതാണെന്നും അപ്പോഴവർ ആർക്കെതിരേയും പരാതി ഉന്നയിച്ചിരുന്നില്ലെന്നും മന്ത്രി ദേസായ് പറഞ്ഞു. മുംബൈ പോലീസിന്റെ അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സുശാന്തിന്റെ സഹോദരി മീത്തു സിങ്ങിന്റെയും മരണസമയത്ത് സുശാന്തിനൊപ്പമുണ്ടായിരുന്ന പാചകക്കാരന്റെയും മൊഴിയാണ് ബിഹാർ പോലീസ് രേഖപ്പെടുത്തിയത്. മരണദിവസം സുശാന്ത് മുറി തുറക്കാതിരുന്നതിനെത്തുടർന്ന് പാചകക്കാരനാണ് കാവൽക്കാരന്റെ സഹായത്തോടെ മുറി തുറന്നത്.

ബിഹാർ പോലീസിന്റെ അന്വേഷണം വ്യക്തികളെ കേന്ദ്രീകരിച്ചുനടക്കുമ്പോൾ സുശാന്തിന്റെ ആത്മഹത്യക്കുവഴിവെച്ചത് സിനിമാമേഖലയിലെ കിടമത്സരങ്ങളാണോ എന്നാണ് മുംബൈ പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

ചലച്ചിത്രമേഖലയിലെ പ്രമുഖരടക്കം 35 പേരുടെ മൊഴി അവർ രേഖപ്പെടുത്തിക്കഴിഞ്ഞു.

ബിഹാർ പോലീസിന്റെ കേസന്വേഷണം തടയണമെന്നും കേസ് മുംബൈ പോലീസിന് കൈമാറണമെന്നാവശ്യപ്പെട്ട് റിയ ചക്രവർത്തി സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

ഹർജിയിൽ വിധിപറയുന്നത് തനിക്കുപറയാനുള്ളതുകൂടി കേട്ടിട്ടാണവണമെന്ന് ആവശ്യപ്പെട്ട് സുശാന്തിന്റെ അച്ഛൻ കേവിയറ്റ് ഹർജി നൽകിയിട്ടുമുണ്ട്. അതേസമയം, സുശാന്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ.യ്ക്ക്‌ കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി.