കലമ്പൊലി: സംസ്കാരയുടെ ആഭിമുഖ്യത്തിൽ കലമ്പൊലിയിൽ സംഘടിപ്പിച്ച ശില്പശാല ശാസ്ത്ര വിസ്മയമായി. കണ്ടും തൊട്ടും ചെയ്തും പഠിക്കുമ്പോഴാണ് പഠനം കൂടുതൽ രസകരവും, വിജ്ഞാനപ്രദവും,അന്വേഷണാത്മകവുമാകുന്നതെന്ന് തെളിയിച്ചു കൊണ്ട് നൂറോളം ശാസ്ത്ര പരീക്ഷണങ്ങളാണ് ഞായറഴ്ച കലമ്പൊലി ന്യൂ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അരങ്ങേറിയത്. കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായ പ്രവർത്തനാധിഷ്ഠിത ക്ലാസ്‌മുറികളുടെ പുനരാവിഷ്‌കരണമായിരുന്നു പരിപാടി. കുട്ടികളോടൊപ്പം രക്ഷിതാക്കളും ശാസ്ത്രവിസ്മയ തുമ്പത്തായിരുന്നു. രണ്ടായിരത്തിലധികം ശാസ്ത്ര പരീക്ഷണ ക്ലാസുകൾ അവതരിപ്പിച്ച് ശാസ്ത്ര പരീക്ഷണ രംഗത്ത് നിറഞ്ഞുനിൽക്കുന്ന ദിനേഷ് കുമാർ തെക്കുമ്പാടും, പി.വി. പ്രസാദ് മാഷും ക്ലാസുകളെടുത്തത്.
രാവിലെ 9.30-ന് തുടങ്ങി 4.30 വരെ തുടർച്ചയായി പ്രൈമറി ക്ലാസ് മുതൽ ഹയർ സെക്കൻഡറി ക്ലാസുവരെയുള്ള വിദ്യാർഥികൾക്കാവശ്യമായ രസകരമായ പരീക്ഷണങ്ങൾ കുട്ടികളെ എത്തിച്ചത് മറ്റൊരു ലോകത്തിലേക്കായിരുന്നു.
വായുമർദം, ദ്രാവക മർദം, കാന്തികത, ഘർഷണം, ബർണോളിതത്ത്വം, ചാൾസ് നിയമം, ബോയിൽ നിയമം, ആർക്കിമിഡീസ് തത്ത്വം, ന്യൂട്ടൻസ് നിയമങ്ങൾ, ശാസ്ത്ര മാജിക്, ദിവ്യാത്ഭുത അനാവരണം എന്നിങ്ങനെയായിരുന്നു പരീക്ഷണ ഇനങ്ങൾ. രസതന്ത്രത്തിലെ അത്ഭുതകരമായ പരീക്ഷണങ്ങൾ കാണിച്ച് കുട്ടികളെ ശാസ്ത്ര ബോധമുള്ളവരാക്കി മാറ്റാൻ അധ്യാപകർക്ക് സാധിച്ചു. ഊഹങ്ങൾക്കും വിശ്വാസങ്ങൾക്കുമപ്പുറം ഒരു സത്യമുണ്ടെന്നും അത് ശാസ്ത്രമാണെന്നും ശാസ്ത്ര പരീക്ഷണക്കളരിയിലൂടെ തെളിയിക്കാൻ അധ്യാപകർക്ക് സാധിച്ചു. സമാപനച്ചടങ്ങിൽ ബിനു പാപ്പച്ചൻ അധ്യക്ഷനായിരുന്നു. രാജേഷ് കുമാർ പി.ബി. സ്വാഗതവും ചാക്കോ തോമസ് നന്ദിയും പറഞ്ഞു.