മുംബൈ: കാത്തലിക് സിറിയൻ ബാങ്ക് ഐ.പി.ഒ.യുടെ പ്രൈസ് ബാൻഡ് നിശ്ചയിച്ചു. പത്തുരൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 193-195 രൂപ നിരക്കിലാകും വിറ്റഴിക്കുക. 24 കോടി രൂപ ഐ.പി.ഒ. വഴി സമാഹരിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 1.977 കോടി ഓഹരികൾ വിറ്റഴിക്കും. ചുരുങ്ങിയത് 75 ഓഹരികൾക്ക് അപേക്ഷിക്കണം. നവംബർ 22-ന് തുടങ്ങുന്ന ഐ.പി.ഒ. 26-ന് അവസാനിക്കും.
ബി.എസ്.ഇ.യിലും എൻ.എസ്.ഇ.യിലും ഓഹരികൾ ‘ലിസ്റ്റ്’ ചെയ്യും. അഞ്ചുവർഷത്തിനകം അഞ്ചു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലുമായി 425 പുതിയ ശാഖകൾ തുറക്കാൻ പദ്ധതിയിടുന്നതായി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ സി.വി.ആർ. രാജേന്ദ്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു.