പുണെ : പുണെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കാന്‍ ധാരണ. മേയര്‍ മുക്താ തിലക് വിളിച്ച സര്‍വകക്ഷി യോഗത്തിലാണ് തീരുമാനമെടുത്തത്. യോഗത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുരളിദാര്‍ മോഹോള്‍, ഡെപ്യൂട്ടി മേയര്‍ സിദ്ധാര്‍ഥ് ധേന്ദ, ബി.ജെ.പി. നേതാവ് ശ്രീനാഥ് ഭീമാല്‍, പ്രതിപക്ഷനേതാവ് ചേതന്‍ തുപെ, ശിവസേന നേതാവ് സഞ്ജയ് ഭോസല്‍, എം.എന്‍.എസ്. നേതാവ് വസന്ത് മോറെ എന്നിവര്‍ പങ്കെടുത്തു. ശിവസേന കോര്‍പ്പറേറ്ററായ പ്രമോദ് ഭംഗിരേയാണ് കോര്‍പ്പറേഷന്‍ യോഗത്തില്‍ ഈ നിര്‍ദേശംവെച്ചത്. പുണെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴില്‍ 309 സ്‌കൂളുകളാണുള്ളത്. ഇതില്‍ 34 ഉറുദു സ്‌കൂളുകളും പെടും.