പുണെ: ആയുഷ് മന്ത്രാലയത്തിന്റെ കീഴില്‍ പുണെ ബാപ്പു ഭവനില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് നാച്ചുറോപ്പതിയില്‍ (എന്‍.ഐ.എന്‍) ഗാന്ധിയന്‍ തത്ത്വങ്ങളെക്കുറിച്ച് ഫെലോഷിപ്പ് പഠനങ്ങള്‍ തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഗാന്ധിജയന്തിയോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. സത്യലക്ഷ്മിയാണ് ഇക്കാര്യം അറിയിച്ചത്.

പുണെ മേയര്‍ മുക്താ തിലക്, സംസ്ഥാന റവന്യൂ വകുപ്പ് സെറ്റില്‍മെന്റ് കമ്മിഷണര്‍ എസ്. ചൊക്കലിംഗം എന്നിവര്‍ പങ്കെടുത്തു. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വെബ് സൈറ്റിന്റെ ഉദ്ഘാടനം മേയര്‍ ചടങ്ങില്‍ നിര്‍വഹിച്ചു. 'മഹാത്മാഗാന്ധിയും ആരോഗ്യ ജീവിതവും' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ദേശീയ തലത്തിലുള്ള നാച്ചുറോപ്പതി മെഡിക്കല്‍ കോളേജ് പ്രതിനിധികള്‍ പങ്കെടുത്തു. മഹാത്മാഗാന്ധി സ്വീകരിച്ച ചികിത്സാരീതിയായതിനാലാണ് പ്രകൃതിചികിത്സ നിലനിന്നതെന്ന് സെമിനാറില്‍ പ്രൊഫ. മുക്താക്കര്‍ പറഞ്ഞു.

മഹാത്മാഗാന്ധിയുടെ അഭിലാഷമായിരുന്ന പ്രകൃതിചികിത്സാ സര്‍വകലാശാല പുണെയില്‍ തുടങ്ങണമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എപ്പിഡമോളജി മുന്‍ ഡയറക്ടര്‍ മോഹന്‍ ഗുപ്ത ആവശ്യപ്പെട്ടു. സെമിനാറില്‍ അംഗീകരിച്ച നിര്‍ദേശങ്ങളും ശുപാര്‍ശകളും മന്ത്രാലയത്തിന് സമര്‍പ്പിക്കുമെന്ന് എന്‍.ഐ.എന്‍. ഡയറക്ടര്‍ ഡോ. സത്യ ലക്ഷ്മി പറഞ്ഞു.

ഡോ. പ്രദീപ് നായര്‍, ഡോ. ഹൈന്ദവി എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി. ഇന്‍സ്റ്റിറ്റിയൂട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ. സുഭാഷ് ചടങ്ങില്‍ നന്ദി രേഖപ്പെടുത്തി.