മുംബൈ: മാധ്യമപ്രവര്‍ത്തകര്‍ക്കുനേരേ വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ പത്രപ്രവര്‍ത്തിന് വെല്ലുവിളിയാണെന്ന് മുംബൈ പ്രസ് ക്ലബ്ബ് അധ്യക്ഷനും പ്രമുഖ പത്രപ്രവര്‍ത്തകനുമായ കുമാര്‍ കേത്കര്‍ പറഞ്ഞു.

മുംബൈ പ്രസ് ക്ലബ്ബും മുംബൈ മറാഠി പത്രകാര്‍സംഘും ചേര്‍ന്ന് സംഘടിപ്പിച്ച പത്രപ്രവര്‍ത്തകരുടെ പ്രതിഷേധയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം കൊലപാതങ്ങള്‍ നടത്തുന്നവരെ കണ്ടുപിടിക്കാന്‍ ഭരണകൂടം മുന്‍കൈയെടുക്കാതിരിക്കുന്നത് അവരെ പിന്താങ്ങുന്നതിന് തുല്യമാണ്. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് ഒരുമാസമായിട്ടും പോലീസ് കാഴ്ചക്കാരായി മാറിയിരിക്കുന്നുവെന്ന് കുമാര്‍ കേത്കര്‍ അഭിപ്രായപ്പെട്ടു.

മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകം രാഷ്ട്രീയവത്കരിക്കരുതെന്നും ഏതു ഭരണകൂടത്തിന്റെ കീഴില്‍ നടക്കുന്ന അതിക്രമങ്ങളും വിമര്‍ശിക്കപ്പെടേണ്ടതാണെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ സുധീന്ദ്ര കുല്‍ക്കര്‍ണി പറഞ്ഞു.

എല്ലാ കൊലപാതകങ്ങളും കുറെക്കാലം കഴിയുമ്പോള്‍ തേഞ്ഞുമാഞ്ഞുപോവുകയാണ് പതിവെന്ന് പത്രപ്രവര്‍ത്തകനായ ഗുര്‍ബീര്‍ സിങ് അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ ഒരുമിച്ചുനിന്ന് ഇതിനെതിരേ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്രപ്രവര്‍ത്തകരുടെ കേസുകള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഫണ്ട് സ്വരൂപിക്കണമെന്ന് ചടങ്ങില്‍ സംസാരിച്ച എഴുത്തുകാരി ശോഭാ ഡേ പറഞ്ഞു. ലോക്‌സത്ത പത്രാധിപര്‍ ഗിരീഷ് കുബേര്‍, ഗായകന്‍ സംഭാജി ഭഗത് എന്നിവര്‍ ഉള്‍പ്പെടെ നിരവധിപേര്‍ ചടങ്ങില്‍ സംസാരിച്ചു.