മുംബൈ: മഹാനഗരത്തെ നവിമുംബൈയുമായി ബന്ധിപ്പിക്കുന്ന ട്രാന്‍സ് ഹാര്‍ബര്‍ കടല്‍പ്പാലത്തിന്റെ നിര്‍മാണം ഈ വര്‍ഷം അവസാനം തുടങ്ങും. കടല്‍പ്പാലത്തിന്റെ മൂന്നുഘട്ടങ്ങളുടെയും നിര്‍മാണക്കരാര്‍ നല്‍കാനുള്ള സ്ഥാപനങ്ങളെ തിരഞ്ഞെടുത്തു കഴിഞ്ഞു.

22 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കടല്‍പ്പാലത്തിന്റെ ഒന്നാംഘട്ട നിര്‍മാണത്തിനുള്ള കരാര്‍ എല്‍.ആന്‍ഡ്.ടി.യും ജപ്പാനിലെ ഐ.എച്ച്.ഐ. കോര്‍പ്പറേഷനും ചേര്‍ന്നുള്ള സംയുക്ത സംരഭത്തിനാണ് ലഭിക്കുക. രണ്ടാം ഘട്ടത്തിന്റെ കരാര്‍ ടാറ്റാ പ്രോജക്ട്‌സും ദെയ്വു എന്‍ജിനീയറിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സും ചേര്‍ന്നുള്ള സംയുക്ത സംരംഭത്തിനു ലഭിക്കും. മൂന്നാം ഘട്ടത്തിന്റെ കരാര്‍ എല്‍.ആന്‍ഡ്.ടി.ക്കാണു കിട്ടുക. ഈ സ്ഥാപനങ്ങളാണ് ഏറ്റവും കുറഞ്ഞ തുകയ്ക്കുള്ള ദര്‍ഘാസ് നല്‍കിയതെന്ന് മുംബൈ മെട്രോപ്പൊളിറ്റന്‍ റീജന്‍ അതോറിറ്റിയുടെ മെട്രോപ്പൊളിറ്റന്‍ കമ്മിഷണര്‍ യു.പി.എസ്. മദന്‍ അറിയിച്ചു.

വെള്ളിയാഴ്ചയാണ് പദ്ധതിയുടെ ദര്‍ഘാസുകള്‍ തുറന്ന് പരിശോധിച്ചത്. ടാറ്റയും എല്‍.ആന്‍ഡ്.ടി.യും ഉള്‍പ്പെടെ 17 പ്രമുഖ കമ്പനികളാണ് പദ്ധതിയുടെ കരാറിനായി രംഗത്തെത്തിയിരുന്നത്. തുകയ്ക്കുപുറമേ സാങ്കേതിക കാര്യങ്ങള്‍കൂടി വിലയിരുത്തിയ ശേഷമായിരിക്കും കരാറിന് അന്തിമരൂപം നല്‍കുക.

നിലവിലുള്ള പാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി ദക്ഷിണ മുംബൈയിലെ ശിവ്രിയെ നവി മുംബൈയിലെ നവ്‌സേവയുമായി ബന്ധിപ്പിക്കുന്ന ട്രാന്‍സ് ഹാര്‍ബര്‍ കടല്‍പ്പാലം 1962-ല്‍ വിഭാവനം ചെയ്യപ്പെട്ടതാണ്. പല കാരണങ്ങളാല്‍ അതു യാഥാര്‍ഥ്യമാകുന്നത് നീണ്ടു പോവുകയായിരുന്നു. നാലു പതിറ്റാണ്ടിനുശേഷമാണ് അതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്.

നിര്‍മാണം പൂര്‍ത്തിയാവുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍പ്പാലമാവും മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക്. 27 മീറ്റര്‍ വീതിയും ആറു വരിപ്പാതയുമുള്ള പാലത്തിന് 17,750 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മുംബൈയെ നവി മുംബൈയുമായും മുംബൈ-പുണെ എക്‌സ്​പ്രസ് വേയുമായും പുതുതായി വരുന്ന അന്താരാഷ്ട്ര വിമാനത്താവളവുമായും ജവാഹര്‍ലാല്‍ നെഹ്രു പോര്‍ട്ട് ട്രസ്റ്റുമായും ബന്ധിപ്പിക്കുന്നതാണ് സീ ലിങ്ക്.

ദക്ഷിണ മുംബൈയിലെ സിവ്രിയില്‍നിന്നു തുടങ്ങി എലഫന്റാ ദ്വീപിനു വടക്കുള്ള ഠാണെ കടലിടുക്ക് പിന്നിട്ട് നവ് സേവയ്ക്കടുത്ത് ചിര്‍ലേ ഗ്രാമത്തിലാണിത് അവസാനിക്കുക. 16.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കടല്‍പ്പാലങ്ങളുടെ നിര്‍മാണമാണ് ആദ്യ രണ്ടു ഘട്ടങ്ങളില്‍ നടക്കുക. 3.813 കിലോമീറ്റര്‍ നീളമുള്ള റോഡിന്റെ നിര്‍മാണം മൂന്നാം ഘട്ടത്തില്‍ നടക്കും.