മുംബൈ: മഹാരാഷ്ട്രയില്‍ പടര്‍ന്നുപിടിച്ച എച്ച്1 എന്‍1 പനി പ്രശസ്ത നടന്‍ ആമിര്‍ഖാനെയും ഭാര്യയും സംവിധായികയുമായ കിരണ്‍ റാവുവിനെയും പിടികൂടി. ഒരു ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പങ്കെടുത്തുകൊണ്ട് ആമിര്‍ തന്നെയാണ് അസുഖത്തിന്റെ കാര്യം വെളിപ്പെടുത്തിയത്.

ഈവര്‍ഷം സംസ്ഥാനത്ത് മൂവായിരത്തിയഞ്ഞൂറോളം പേര്‍ക്ക് പന്നിപ്പനി പിടിച്ചു എന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. 366 പേര്‍ മരണമടഞ്ഞു. പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് ആമിര്‍ സ്വന്തം രോഗവിവരം വെളിപ്പെടുത്തിയത്.

തനിക്ക് പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചെന്നും മുംബൈയിലെ വീട്ടില്‍ വിശ്രമിച്ചുകൊണ്ട് ചികിത്സ നടത്തുകയാണെന്നും വീഡിയോ സന്ദേശത്തില്‍ ആമിര്‍ പറഞ്ഞു. ആമിറിന്റെ സന്നദ്ധ സംഘടനയായ പാനി ഫൗണ്ടേഷന്റെ സത്യമേവ ജയതേ വാട്ടര്‍കപ്പ് ചടങ്ങ് ഞായറാഴ്ച പുണെയില്‍ നടന്നിരുന്നു. ജലസംരക്ഷണനടപടികള്‍ സ്വീകരിച്ച ഗ്രാമങ്ങള്‍ക്ക് സമ്മാനം നല്‍കുന്നതിനുള്ളതായിരുന്നു ചടങ്ങ്. അതിനെത്തിയവരെയാണ് ആമിര്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അഭിസംബോധന ചെയ്തത്.

ചടങ്ങില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ഉറപ്പിച്ചതായിരുന്നെന്നും വിശ്രമിക്കണമെന്ന് ഡോക്ടര്‍ പറഞ്ഞതുകൊണ്ടും അസുഖം മറ്റുള്ളവര്‍ക്കുപകരുന്നത് തടയുന്നതിനുമാണ് വിട്ടുനില്‍ക്കുന്നതെന്നും ആമിര്‍ പറഞ്ഞു. ഭാര്യ കിരണും ആമിറിനൊപ്പമുണ്ടായിരുന്നു. ആമിറില്‍നിന്ന് കിരണിനും രോഗം പകര്‍ന്നതായും അവരും ചികിത്സയിലാണെന്നും നടനുമായി അടുപ്പമുള്ളവര്‍ പറഞ്ഞു.

അസുഖം സ്ഥിരീകരിച്ചതോടെ വീട്ടില്‍ത്തന്നെ വിശ്രമിക്കാന്‍ തീരുമാനിച്ച ആമിര്‍ഖാന്‍ എല്ലാവര്‍ക്കും മാതൃകയാണെന്ന് മുംബൈ നഗരസഭയുടെ പകര്‍ച്ചവ്യാധി നിയന്ത്രണവിഭാഗത്തിന്റെ ചുമതലയുള്ള ഡോ. മിനി ഖെതാര്‍പല്‍ പറഞ്ഞു. രോഗബാധ തടയാനുള്ള ഏറ്റവും നല്ലവഴി ഇതാണെന്ന് അവര്‍ പറഞ്ഞു.

ആമിര്‍ഖാനുപകരം സൂപ്പര്‍താരം ഷാരൂഖ്ഖാനാണ് ചടങ്ങിനെത്തിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ്, റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപക നീത അംബാനി, വ്യവസായി രാജീവ് ബജാജ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.