മുംബൈ : കോവിഡ് ബാധിച്ച ഭർത്താവിനെ വെന്റിലേറ്ററിലേക്ക് മാറ്റിയശേഷം മനംനൊന്ത് ഭാര്യ ജീവനൊടുക്കി. പിന്നാലെ ഭർത്താവും മരിച്ചു. വസായി സ്വദേശികളായ വിവേക്ഡിസിൽവ (38)യും സ്വാതി (35)യുമാണ് മരിച്ചത്.

ആദ്യം കോവിഡ് ബാധിച്ചത് സ്വാതിക്കായിരുന്നു. എന്നാൽ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം സ്വാതി നെഗറ്റീവായി. ആശുപത്രി വിട്ട് വീട്ടിലെത്തിയ ശേഷമാണ് ഭർത്താവ് വിവേക്ഡിസിൽവ െ കോവിഡ് ബാധിച്ച് ആശുപത്രിയിലാക്കുന്നത്. കോവിഡിനുപുറമെ ഗുരുതരമായ നിരവധി ആരോഗ്യപ്രശ്നങ്ങൾ വിവേക് നേരിട്ടിരുന്നു. 17-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവേകിന്റെ അവസ്ഥ ഗുരുതരമാവുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ആശുപത്രിയിൽനിന്ന് സ്വാതിയെ വിളിച്ചിരുന്നു. വിവേകിന്റെ അവസ്ഥ ഗുരുതരമാണെന്നും വെന്റിലേറ്ററിലേക്ക് മാറ്റാൻ അനുമതി നൽകണമെന്നും ഡോക്ടർ ആവശ്യപ്പെട്ടു.

ആശുപത്രിയിലെത്തി, ഭർത്താവിനെ വെന്റിലേറ്ററിലേക്ക് മാറ്റാനുള്ള നടപടി പൂർത്തിയാക്കിയ ശേഷം, വീട്ടിൽ തിരിച്ചെത്തിയ സ്വാതി ഫാനിൽ ജീവനൊടുക്കുകയായിരുന്നു. രണ്ടുദിവസത്തിനകം വിവേകും മരിച്ചു. ഭാര്യയുടെ മരണം അറിയാതെയായിരുന്നു വിവേകിന്റെ അന്ത്യയാത്ര.

സ്വാതി എഴുതിയ ആത്മഹത്യ കുറിപ്പ് പോലീസ് പിന്നീട് കണ്ടെത്തി. ആ കുറിപ്പിൽ ഇങ്ങനെ എഴുതിയിരുന്നു. ‘നിന്നെ ഞാൻ അത്രയ്ക്കും സ്നേഹിക്കുന്നു വിവേക്. എനിക്ക് നീയില്ലാതെ ജീവിക്കാനാവില്ല. നിന്റെ ആരോഗ്യം അപകടാവസ്ഥയിലാണെന്നെനിക്കറിയാം. രോഗത്തിൽനിന്ന് നിന്നെ രക്ഷിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടുപോയിരിക്കുന്നു.

എന്റെ കുടുംബാംഗങ്ങളെല്ലാം കോവിഡ് ബാധിച്ച് ഇപ്പോൾ ആശുപത്രിയിലാണ്. ഞാൻ ജീവിതം അവസാനിപ്പിക്കുകയാണ്.’ വിവേകിന്റെ മാതാപിതാക്കളും കോവിഡ് ബാധിതരാണ്. അവർ ഐസൊലേഷൻ സെന്ററിൽ കഴിഞ്ഞുവരവേയാണ് മകന്റെയും മരുമകളുടെയും ആകസ്മിക വിയോഗം.