മുംബൈ : റഷ്യൻ കോവിഡ് വാക്സിൻ ആയ സ്പുട്‌നിക് വി വാങ്ങുന്ന പദ്ധതി ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തത്‌കാലം ഉപേക്ഷിച്ചു. ആവശ്യത്തിന് വാക്സിൻ ലഭിക്കാൻ സാധ്യതയില്ലെന്നറിഞ്ഞതോടെയാണ് ഈ തീരുമാനം. ഇന്ത്യയിൽ സ്പുട്‌നിക് വാക്സിൻ വിതരണം ചെയ്യുന്നത് ഡോ. റഡ്ഡീസ് ലബോറട്ടറീസ് ആണ്. ഇവരുമായി ബി.എം.സി. നിരന്തരം ചർച്ചനടത്തിയിരുന്നു. എന്നാൽ ബി.എം.സി. ആവശ്യപ്പെട്ട അത്രയും ഡോസ് മരുന്ന് നൽകാൻ പ്രയാസമായിരിക്കും എന്ന് റെഡ്ഡീസ് അറിയിച്ചിരുന്നു.

പരീക്ഷണാടിസ്ഥാനത്തിൽ കുറച്ചു ഡോസുകൾ നൽകാം എന്ന് മാത്രമായിരുന്നു അവരുടെ മറുപടി. നേരത്തെ സ്പുട്‌നിക് വാക്സിനായി ബി.എം.സി. ടെൻഡർ ക്ഷണിച്ചിരുന്നു. ഒൻപത് കമ്പനികൾ ഇതിൽ പങ്കെടുത്തിരുന്നെങ്കിലും വാക്സിൻ നിർമാണ കമ്പനിയുമായുള്ള കരാർ ഇവർക്കാർക്കും ഇല്ലായിരുന്നു. ഒരു കോടി ഡോസ് വാക്സിൻ നിശ്ചിതസമയത്തിനുള്ളിൽ നൽകണമെന്നതായിരുന്നു ബി.എം.സി.യുടെ ആവശ്യം. എന്നാൽ ഇതിന് കൃത്യമായമറുപടി ആരും നൽകിയുമില്ല. ഇതേ തുടർന്ന് ആ പരിപാടി ബി.എം.സി. ഉപേക്ഷിച്ചിരുന്നു. പിന്നീടാണ് റെഡ്ഡീസുമായി ചർച്ച തുടങ്ങുന്നത്. എന്നാൽ ഒരു കോടി ഡോസ് വാക്സിൻ കൃത്യ സമയത്ത് എത്തിക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ നടക്കാനിടയില്ലാത്തതിനാൽ റെഡ്ഡീസ് ഇക്കാര്യത്തിൽ ഉറപ്പൊന്നും നൽകിയില്ല.

മറ്റു കോവിഡ് വാക്സിനുകളിൽനിന്ന്‌ വ്യത്യസ്ഥമായി സ്പുട്‌നിക് വാക്സിന്റെ രണ്ട് ഡോസുകളും വ്യത്യസ്തമരുന്നുകളാണ്. ആദ്യ ഡോസ് എടുത്തവർക്ക് കൃത്യമായ ഇടവേളയിൽ രണ്ടാം ഡോസ് ഉറപ്പാക്കുകയും വേണം. റഷ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ മാസത്തോടെ കൂടാൻ തുടങ്ങിയതിനാൽ ഇവിടെനിന്ന്‌ ഇപ്പോൾ സ്പുട്‌നിക് കയറ്റുമതി കുറച്ചിരിക്കയാണ്.

അതിനാൽ മുമ്പ് പ്രതീക്ഷിച്ചിരുന്ന പോലെ ഇപ്പോൾ സ്പുട്‌നിക് വാക്സിൻ ഇന്ത്യയിലേക്ക് എത്തുന്നില്ല. രാജ്യത്തുതന്നെ ഇത് ഉത്‌പാദിപ്പിക്കാനുള്ള പദ്ധതി തയ്യാറാകുന്നുണ്ട്. സെപ്റ്റംബർ മാസത്തോടെ പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ സ്പുട്‌നിക് നിർമിക്കാനുള്ള പദ്ധതി നടക്കുന്നുണ്ട്. കേരള സർക്കാരുമായും റഷ്യൻ പ്രതിനിധികൾ ഇതിനായി ചർച്ച നടത്തുന്നുണ്ട്.