മുംബൈ : നാലുദശകത്തോളം നീണ്ട ഔദ്യോഗിക ജീവിതത്തോട് 31-ന് വിടപറയുന്ന ക്യാപ്റ്റൻ രമേശ്ബാബു നഗരത്തിന് സ്നേഹോപഹാരമായി മുംബൈയുടെചരിത്രം പ്രതിപാദിക്കുന്ന പുസ്തകംസമ്മാനിക്കുന്നു.‘മൈ ഓൺ മാസഗോൺ’ എന്ന പുസ്തകമാണ് ഇദ്ദേഹം തയ്യാറാക്കിയിരിക്കുന്നത്. പോർച്ചുഗീസ് അധിനിവേശകാലത്ത് ബോംബെ ദ്വീപ് സമൂഹത്തിലെ ഏറ്റവുംസമ്പന്നമായ ചെറുദ്വീപായിരുന്നു മസഗാവ്. എന്റെ സ്വന്തം ഗ്രാമം എന്ന അർഥംവരുന്ന ഈ ചെറുദ്വീപിന്റെ നഷ്ടപ്പെട്ടുപോയ ചരിത്രവും വ്യക്തിത്വവും തേടിയുള്ള യാത്രയാണ് ഈ പുസ്തകം. 25 വർഷത്തെ നാവികസേനയിലെ സേവനത്തിനും 15 വർഷത്തെ മുംബൈയിലെ പ്രതിരോധ കപ്പൽ നിർമാണശാലയായ മാസഗോൺ ഡോക്കിലെ സേവനത്തിനും ശേഷമാണ് വിരമിക്കൽ. കുടുംബത്തോടൊപ്പം ജന്മഗ്രാമമായ തിരുവല്ലക്കടുത്തുള്ള കുന്നന്താനത്ത് സ്ഥിരതാമസമാക്കാനൊരുങ്ങുകയാണ് ക്യാപ്റ്റൻ .

ചരിത്രകുതുകിയായ ഈ എൻജിനിയർ അനേകവർഷങ്ങളായി മുംബൈയിലെ പൈതൃകവീഥികളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. നാവികസേനയുടെ ഡോക്ക്‌യാർഡിലും മാസഗോൺ ഡോക്കിലും നൂറ്റാണ്ടുകൾക്ക് മുമ്പ് ഉണ്ടാക്കിയിരുന്ന പായ്ക്കപ്പലുകൾ വീണ്ടെടുക്കാൻ ക്യാപ്റ്റൻ രമേശ്ബാബുവിനായി. 2010-ൽ മാസഗോൺ ഡോക്കിന്റെ 236 വർഷത്തെ ചരിത്രവും, 2017-ൽ 200വർഷം മുമ്പ് ബോംബെ ഡോക്ക്‌യാർഡിൽ നിർമിച്ച എച്ച്.എം.എസ്. ട്രിങ്കോമാലി എന്ന കപ്പലിന്റെ ചരിത്രവും പുസ്തകങ്ങളാക്കാൻ ക്യാപ്റ്റന് സാധിച്ചു.

2020-ൽ കോഴിക്കോട് പൗരാണിക ചരിത്രം വിശദമാക്കുന്ന കാലിക്കറ്റ് ഹെറിറ്റേജ് ട്രെയിൽസ് എന്ന പുസ്തകവും അദ്ദേഹംരചിച്ചിട്ടുണ്ട്. മുംബൈയിലെ ഇൻഡസ് സോഴ്‌സ് പ്രകാശനം ചെയ്യുന്ന പുസ്തകം 31-ന് ക്യാപ്റ്റൻ രമേശ്ബാബു മുംബൈ നഗരത്തിന്റെ വിടവാങ്ങൽ സമ്മാനമായി സമർപ്പിക്കും. ചടങ്ങിൽ വൈസ് അഡ്മിറൽ നാരായൺ പ്രസാദ്, വൈസ് അഡ്മിറൽ ആർ. ഹരികുമാർ, ഗോവിന്ദ് തെക്കാലെ, കമാർഡർ ശ്രീകാന്ത് കേസ്‌നുർ, സോണാവി ദേശായി എന്നിവർ പങ്കെടുക്കും.