മുംബൈ : 'ഇന്നലെ വരെ കുട്ടികളെ സ്കൂളിലേക്ക് വിടുന്ന കാര്യത്തിൽ എനിക്ക് വലിയ എതിർപ്പില്ലായിരുന്നു. എന്നാൽ ഇന്നത് മാറി. മാറിയ സാഹചര്യത്തിൽ എങ്ങിനെ കുട്ടിയെ സ്കൂളിലേക്ക് പറഞ്ഞയയ്ക്കും. പ്രത്യേകിച്ച സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ. പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ അല്പ ദിവസങ്ങൾ കൂടി കാത്തിരിക്കുന്നതല്ലേ നല്ലത്.'- ഏഴ് വയസ്സുകാരി അൻവിയുടെ അച്ഛൻ സുശാന്ത് സുർവെയുടെ ഈ അഭിപ്രായമാണ് പല രക്ഷിതാക്കളും പറയുന്നത്. ഏറെ ചർച്ചകൾക്കൊടുവിൽ ഡിസംബർ ഒന്നു മുതൽ മുംബൈയിൽ സ്കൂളുകൾ തുറക്കാനുള്ള തീരുമാനത്തിലായിരുന്നു സർക്കാർ. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ പലയിടത്തും മാസങ്ങൾക്ക് മുമ്പ് തന്നെ സ്കൂളുകൾ പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇക്കാര്യത്തിൽ അതത് മുനിസിപ്പൽ കോർപ്പറേഷനോ കളക്ടർക്കോ തീരുമാനമെടുക്കാം എന്നായിരുന്നു സർക്കാരിന്റെ നിർദേശം. അതിനാൽ ചന്ദ്രപൂർ, ഗാഡ്ചിരോളി തുടങ്ങി പല ജില്ലകളിലും മാസങ്ങൾക്ക് മുമ്പ് തന്നെ സ്കൂളുകൾ തുറന്നിരുന്നു. എന്നാൽ മുംബൈയിൽ തത്കാലം സ്കൂളുകൾ തുറക്കേണ്ട എന്നായിരുന്നു മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ തീരുമാനം. ഈ തീരുമാനം ആഴ്ചകൾക്ക് മുമ്പാണ് മാറ്റിയത്. രക്ഷിതാക്കളുടെ നിർദേശങ്ങൾ കൂടി കണക്കിലെടുത്ത് കൊണ്ട് ഡിസംബറിൽ സ്കൂളുകൾ തുറക്കാനായിരുന്നു തീരുമാനം. ഇത് പ്രകാരം രക്ഷിതാക്കളുടെ ഇടയിൽ സ്കൂൾ അധികാരികൾ സർവേ നടത്തുകയുമുണ്ടായി. രണ്ട് വർഷത്തോളം വീട്ടിലിരുന്ന പഠിച്ച കുട്ടികൾ ഇനി സ്കൂളിൽ പോകട്ടെ എന്നായിരുന്നു കൂടുതൽ പേരും അഭിപ്രായപ്പെട്ടത്. എന്നാൽ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും അവർ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് അടുത്ത ആഴ്ചയോടെ സ്കൂളിലേക്ക് പോകാനുള്ള എല്ലാ തയ്യാറെടുപ്പുകളും കുട്ടികളും നടത്തുകയുണ്ടായി. എന്നാൽ കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിൽ ഓമിക്രോൺ എന്ന വൈറസ് വകഭേദം കണ്ടെത്തുകയും തുടർന്ന് കൂടുതൽ നിയന്ത്രണങ്ങൾ സർക്കാർ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സ്കൂളുകൾ ഇപ്പോൾ തുറക്കണമോ എന്ന ആശങ്ക വീണ്ടും ഉയർന്നത്. എന്നാൽ സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് പുതിയ നിർദേശങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല. ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങിയെത്തി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അടുത്ത ദിവസങ്ങളിൽ തന്നെ ഉന്നത ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക. അതിനായി കാത്തിരിക്കുകയാണ് സ്കൂൾ അധികാരികളും. പല സ്കൂളുകളും തുറക്കുന്നതിന്റെ ഭാഗമായി രക്ഷിതാക്കളെ കൂടി ഉൾപ്പെടുത്തി പുതിയ കമ്മിറ്റികൾ രൂപവത്‌കരിച്ചിട്ടുണ്ട്. സ്കൂളുകളിലേക്ക് കുട്ടികളെ അയയ്ക്കുന്നതിന് രക്ഷിതാക്കളിൽ ആത്മധൈര്യം വളർത്തിയെടുക്കുകയെന്നത് കൂടി ഉദ്ദേശിച്ചാണ് ഈ കമ്മറ്റികൾ രൂപവത്‌കരിച്ചത്.