പുണെ : ജില്ലയിൽ കോവിഡ് നിയന്ത്രണവിധേയമായതിനാൽ റെസ്റ്റോറന്റുകൾ, സിനിമാ ഹാളുകൾ, തിയേറ്ററുകൾ എന്നിവയിൽ ഏർപ്പെടുത്തിയ 50 ശതമാനം പ്രവേശനമെന്ന നിയന്ത്രണം ഒഴിവാക്കുന്നു. ഉപമുഖ്യമന്ത്രിയും പുണെ ഗാർഡിയൻ മന്ത്രിയുമായ അജിത് പവാർ അറിയിച്ചതാണിത്.

കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് ഡിസംബർ ഒന്നുമുതൽ സാംസ്കാരിക പരിപാടികൾ അനുവദിക്കുമെന്നും സിനിമാ ഹാളുകളിലും ഓഡിറ്റോറിയങ്ങളിലും റെസ്റ്റോറന്റുകളിലും 100 ശതമാനം സീറ്റുകളിലും പ്രവേശനം അനുവദിക്കുമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. ഡിസംബർ ഒന്നുമുതൽ പ്രൈമറി സ്കൂളുകൾ വീണ്ടും തുറക്കാൻ തീരുമാനിച്ചതിനാൽ, ഈ നിയന്ത്രണങ്ങൾ തുടരുന്നതിൽ യുക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിവിഷണൽ കമ്മിഷണറുടെ ഓഫീസിൽ കോവിഡ് അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുണെ ജില്ലയിലെ ജംബോ കോവിഡ് ആശുപത്രികളായ പുണെ എൻജിനിയറിങ് കോളേജ് ഗ്രൗണ്ടിലെ ജംബോ കോവിഡ് കെയർ സെന്ററും പിംപ്രിയിലെ അണ്ണാ സാഹേബ് മഗർ സ്റ്റേഡിയത്തിലെ ജംബോ കോവിഡ് കെയർ സെന്ററും ഉടൻ പൊളിച്ചുമാറ്റില്ലെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് വൈറസിന്റെ പുതിയ വകഭേദത്തെത്തുടർന്നുണ്ടായ ആശങ്കകൾ കണക്കിലെടുത്ത് ഇവിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ നിലനിൽക്കുമെന്നും ആശുപത്രികൾ പൊളിക്കുന്നത് സംബന്ധിച്ച് ഡിസംബർ അവസാനത്തോടെ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിൽ ഇതുവരെ ഒരുകോടി 30 ലക്ഷം ഡോസ് കോവിഡ് വാക്സിനുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും വാക്സിനേഷനിൽ സംസ്ഥാനത്ത് പുണെ ജില്ല രണ്ടാംസ്ഥാനത്താണെന്നും ഡിവിഷണൽ കമ്മിഷണർ സൗരഭ് റാവു പറഞ്ഞു. ജില്ലയിലെ 431 വില്ലേജുകളിൽ 100 ശതമാനം ഫസ്റ്റ് ഡോസ് വാക്സിനേഷൻ പൂർത്തിയായതായും ജില്ലയിൽ വാക്സിന്റെ ആദ്യ ഡോസ് 97 ശതമാനം പേർക്കും രണ്ടാമത്തെ ഡോസ് 62 ശതമാനം പേർക്കും നൽകിയിട്ടുണ്ടെന്നും ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 1.6 ആയി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുണെ എം.പി. ഗിരീഷ് ബാപ്പട്ട്, പുണെ മേയർ മുരളീധർ മോഹോൾ, ജില്ലാ പരിഷത്ത് പ്രസിഡന്റ് നിർമല പൻസാരെ, ഡിവിഷണൽ കമ്മിഷണർ സൗരഭ് റാവു, കളക്ടർ ഡോ. രാജേഷ് ദേശ്‌മുഖ്, പുണെ മുനിസിപ്പൽ കമ്മിഷണർ വിക്രം കുമാർ, പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പൽ കമ്മിഷണർ രാജേഷ് പാട്ടീൽ, പൂണെ പോലീസ് കമ്മിഷണർ അമിതാഭ് ഗുപ്ത, പിംപ്രി ചിഞ്ച്‌വാഡ് പോലീസ് കമ്മിഷണർ കൃഷ്ണ പ്രകാശ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.