മുംബൈ : കാർഷികോത്‌പന്നങ്ങൾക്ക് ന്യായമായ താങ്ങുവില ഉറപ്പാക്കുന്നതിന് കേന്ദ്രനിയമം കൊണ്ടുവരണമെന്ന് മുംബൈയിൽ ഞായറാഴ്ചനടന്ന കിസാൻ-മസ്ദൂർ മഹാപഞ്ചായത്ത് ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിൽ തദ്ദേശസ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.യെ പരാജയപ്പെടുത്താനും മഹാപഞ്ചായത്ത് ആഹ്വാനംചെയ്തു.

ഡൽഹിയിലെ കർഷകസമരത്തിന്റെ വിജയമാഘോഷിക്കുന്നതിന് മുംബൈ ആസാദ് മൈതാനത്തുനടന്ന സമ്മേളനത്തിൽ കർഷകരും തൊഴിലാളികളും കർഷകത്തൊഴിലാളികളുമായി ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. സംയുക്ത ശേത്കരി കാംഗാർ മോർച്ച (എസ്.എസ്.കെ.എം.) മഹാരാഷ്ട്ര ഘടകമാണ് മഹാത്മ ജ്യോതിറാവു ഫുലെയുടെ ചരമദിനത്തിൽ പഞ്ചായത്ത് വിളിച്ചുചേർത്തത്.

കാർഷികോത്‌പന്നങ്ങൾക്ക് ദേശവ്യാപകമായി താങ്ങുവില ഏർപ്പെടുത്തണമെന്ന ആവശ്യത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ പിന്തുണച്ചയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ചടങ്ങിൽ സംസാരിച്ച ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് ചൂണ്ടിക്കാണിച്ചു. എന്നാലിപ്പോൾ കേന്ദ്രം ഇക്കാര്യത്തിൽ ഉരുണ്ടുകളിക്കു കയാണ്. താങ്ങുവിലയടക്കമുള്ള ആവശ്യങ്ങളിലേക്ക് ജനശ്രദ്ധയാകർഷിക്കുന്നതിന് രാജ്യം മുഴുവൻ പര്യടനം നടത്തുമെന്ന് ടിക്കായത്ത് പറഞ്ഞു. ഒരുവർഷം നീണ്ട സമരത്തിനിടെ മരിച്ച കർഷകരുടെ ബന്ധുക്കൾക്ക് സാമ്പത്തികസഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിച്ചതിനെ സ്വാഗതംചെയ്ത മഹാപഞ്ചായത്ത്, വൈദ്യുതിനിയമഭേദഗതി പിൻവലിക്കുക, ഇന്ധനവില പകുതിയായി കുറയ്ക്കുക, സ്വകാര്യവത്കരണത്തിന്റെ പേരിൽ രാജ്യത്തിന്റെ ആസ്തികൾ വിൽക്കുന്നത് അവസാനിപ്പിക്കുക, ലഖിംപുർ ഖേരിയിൽ കർഷകരെ കൂട്ടക്കൊല ചെയ്തവർക്കെതിരേ നടപടിയെടുക്കുക, തൊഴിലുറപ്പുപദ്ധതിയിലെ വേതനം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചതായി എസ്.എസ്.കെ.എം. നേതാവ് ഡോ. അശോക് ധവാളെ അറിയിച്ചു.

യോഗേന്ദ്ര യാദവ്, മേധാ പട്കർ, ജയന്ത് പാട്ടീൽ, പ്രതിഭാ ഷിന്ദേ, ഡോ. ദർശൻ പാൽ, ഹനൻ മൊള്ള, യുധ് വീർ സിങ്, ജസ്ബീർ കൗർ നാട്, ബി. വെങ്കട്ട്, ജെ.പി. ഗാവിത്, ഡോ. അജിത് നവാലേ തുടങ്ങിയവരും സമ്മേളനത്തെ അഭിസംബോധന ചെയ്തു.

ലഖിംപുർ ഖേരിയിലെ രക്തസാക്ഷികളുടെ ചിതാഭസ്മം മഹാപഞ്ചായത്തിനുശേഷം ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്കു സമീപം അറബിക്കടലിൽ നിമജ്ജനംചെയ്തു. പുണെയിൽനിന്ന് ഒക്ടോബർ 27-ന് ആരംഭിച്ച ശഹീദ് കലശ് യാത്ര മഹാരാഷ്ട്രയിലെ 30 ജില്ലകളിൽ പര്യടനം നടത്തിയശേഷമാണ് മുംബൈയിലെത്തിയത്. ഛത്രപതി ശിവജി സ്മാരകവും അംബേദ്കറുടെ ചൈത്യഭൂമിയും സന്ദർശിച്ചശേഷം ഞായറാഴ്ച രാവിലെ മുംബൈ ഹുതാത്മ ചൗക്കിൽ കലശയാത്ര അവസാനിപ്പിച്ചു.