മുംബൈ : വിദേശരാജ്യങ്ങളിൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദം ഒമിക്രോൺ കണ്ടെത്തിയ സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ കൂടുതൽ നിയന്ത്രണങ്ങൾ വന്നേക്കും. ശനിയാഴ്ച തന്നെ പുതിയ നിയന്ത്രണങ്ങൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ലോക്ഡൗണിന് സമാനമായ കൂടുതൽ നിയന്ത്രണങ്ങൾ ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. പുതുതായി കണ്ടെത്തിയ വകഭേദത്തിന് കൂടുതൽ വ്യാപന ശേഷിയുള്ളതിനാൽ ദക്ഷിണാഫ്രിക്കയിൽനിന്നും മറ്റും മുംബൈയിൽ എത്തുന്നവർക്ക് നിർബന്ധിത ക്വാറന്റീൻ വേണമെന്ന് ബി.എം.സി. പ്രഖ്യാപിച്ചിരുന്നു. ഇവരിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ സാംപിളുകൾ ജനിതക പരിശോധനയ്ക്ക് വിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്തിനകത്തും പുറത്തും സഞ്ചരിക്കുന്നവർക്കും പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു. ഇവ മാത്രം മതിയാവില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. പ്രത്യേകിച്ച് കോവിഡ് വ്യാപനം ഏറ്റവും കൂടുതലുണ്ടായ സംസ്ഥാനങ്ങളിൽ ഒന്നാണ് മഹാരാഷ്ട്ര. സ്ഥിതി ചർച്ചചെയ്യാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഡിവിഷണൽ കമ്മിഷണർമാരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സംസ്ഥാനത്തെ കോവിഡ് ടാസ്‌ക് ഫോഴ്‌സുമായും ചർച്ചചെയ്ത ശേഷമായിരിക്കും പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുക. പുണെയിലും മറ്റും തിയേറ്ററുകളിൽ 100 ശതമാനം സീറ്റുകളിലും കാഴ്ചക്കാരെ പ്രവേശിപ്പിക്കാമെന്ന തീരുമാനം നടപ്പാക്കിയിരുന്നു. ഹാളുകളിലും മറ്റും നടത്തുന്ന പരിപാടികൾക്ക് 50 ശതമാനം പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് ശനിയാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നുണ്ട്. ഈ വൈരുധ്യങ്ങളും പുതിയ നിയന്ത്രണങ്ങൾ വരുന്നതോടെ ഏകീകരിക്കപ്പെടും. ഡിസംബർ ആദ്യ വാരം സ്കൂളുകൾ തുറക്കാനുള്ള തീരുമാനത്തിലും മാറ്റമുണ്ടായേക്കുമെന്നാണ് സൂചന.