മുംബൈ : ഭീഷണിപ്പെടുത്തി പണം പിരിച്ചുവെന്ന കേസിൽ മൊഴി നൽകാനെത്തണമെന്നാവശ്യപ്പെട്ട് മുംബൈ മുൻപോലീസ് കമ്മിഷണർ പരംബീർ സിങ്ങിന് മഹാരാഷ്ട്ര ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സി.ഐ.ഡി.) നോട്ടീസയച്ചു. നവി മുംബൈയിലെ ബേലാപ്പുരിലുള്ള സി.ഐ.ഡി. ഓഫീസിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി സിങ് ഹാജരാകുമെന്നാണ് അറിയുന്നത്.

പോലീസ് കമ്മിഷണറായിരിക്കേ കെട്ടിടനിർമാതാക്കളിൽനിന്ന് സിങ് നിർബന്ധിച്ച് പണംപിരിച്ചുവെന്ന പരാതിയിൽ മുംബൈ മറൈൻ ഡ്രൈവ് പോലീസും താനെയിലെ കോപ്രി പോലീസും രജിസ്റ്റർചെയ്ത കേസുകളുടെ അന്വേഷണമാണ് സി.ഐ.ഡി. ഏറ്റെടുത്തിട്ടുള്ളത്. ഈ സംഭവങ്ങളിൽ സിങ്ങിന്റെ പങ്ക് എന്താണണെന്ന് മനസ്സിലാക്കുന്നതിനാണ് അദ്ദേഹത്തെ ചോദ്യംചെയ്യുന്നതെന്ന് സി.ഐ.ഡി. വൃത്തങ്ങൾ അറിയിച്ചു. ആറുമാസത്തെ അജ്ഞാതവാസത്തിനുശേഷം കഴിഞ്ഞയാഴ്ച മുംബൈയിൽ പ്രത്യക്ഷപ്പെട്ട സിങ് സമാനമായ രണ്ടു പണപ്പിരിവുകേസുകളിൽ മൊഴി നൽകുന്നതിനായി മുംബൈ ക്രൈംബ്രാഞ്ചിനും താനെനഗർ പോലീസിനും മുന്നിൽ ഹാജരായിരുന്നു.

പരംബീർ സിങ്ങും കൂട്ടരും 15 കോടി രൂപ പിരിച്ചെടുത്തുവെന്നാരോപിച്ച് കെട്ടിടനിർമാതാവായ ശ്യാംസുന്ദർ അഗർവാൾ നൽകിയ പരാതിയിൽ മറൈൻ ഡ്രൈവ് പോലീസ് രജിസ്റ്റർചെയ്ത കേസിൽ രണ്ടു പോലീസ് ഓഫീസർമാരെ സി.ഐ.ഡി. അറസ്റ്റുചെയ്തിട്ടുണ്ട്. ഖണ്ഡാല പോലീസ് ട്രെയിനിങ് സെന്ററിലെ ഇൻസ്പെക്ടർ നന്ദകുമാർ ഗോപാലെ, നായ്ഗാവ് ലോക്കൽ ആംസ് വകുപ്പിലെ ആശാ കോർക്കെ എന്നിവർ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ്. ഭയന്തറിൽനിന്നുള്ള കെട്ടിടനിർമാതാവായ പരാതിക്കാരന്റെ മരുമകൻ ശരദ് അഗർവാളിൽനിന്ന് നന്ദകുമാറും ആശയും 50 ലക്ഷം രൂപ പിരിച്ചെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് സി.ഐ.ഡി. അറിയിച്ചു. ശ്യാംസുന്ദർ അഗർവാളിന്റെ അനന്തരവൻ ശരദ് അഗർവാൾ നൽകിയ സമാനമായ പരാതിയിലാണ് താനെ കോപ്രി പോലീസ് കേസ് രജിസ്റ്റർചെയ്തത്.

ഭീഷണിപ്പെടുത്തി പണംപിരിച്ചെന്ന പരാതിയിൽ ഇവയടക്കം അഞ്ചുകേസുകളാണ് സിങ്ങിനെതിരേ നിലവിലുള്ളത്. കോടതികൾ പലവട്ടം സമൻസും വാറന്റും അയച്ചിട്ടും മൊഴി നൽകാൻ എത്താതിരുന്ന സിങ്ങിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ പോലീസ് നൽകിയ അപേക്ഷ മജിസ്‌ട്രേറ്റ് കോടതി സ്വീകരിച്ചിരുന്നു. ക്രൈംബ്രാഞ്ചിന്റെയും താനെ നഗർ പോലീസിന്റെയും ചോദ്യങ്ങൾക്ക് സിങ് വ്യക്തമായ മറുപടി നൽകിയില്ലെന്നാണ് അറിയുന്നത്.

എന്നാൽ, കൃത്യമായ ചോദ്യാവലി തയ്യാറാക്കിയ ശേഷമാണ് സിങ്ങിന് നോട്ടീസ് അയച്ചിട്ടുള്ളതെന്ന് സി.ഐ.ഡി. ഉദ്യോഗസ്ഥർ അറിയിച്ചു.

പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നതിനെതിരേ പരംബീർ സിങ് കോടതിയിൽ

മുംബൈ : തന്നെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനുള്ള നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുംബൈ മുൻ പോലീസ് കമ്മിഷണറും മുതിർന്ന ഐ.പി.എസ്. ഓഫീസറുമായ പരംബീർ സിങ് മുംബൈ എസ്പ്ളനേഡ് മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. തനിക്കെതിരായുള്ള ജാമ്യമില്ലാ വാറന്റ് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പോലീസ് കമ്മിഷണറായിരിക്കേ ഭീഷണിപ്പെടുത്തി പണപ്പിരിവു നടത്തിയെന്ന് കാണിച്ച് കെട്ടിടനിർമാതാവ് ബിമൽ അഗർവാൾ നൽകിയ പരാതിയിൽ ഗോരേഗാവ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സിങ്ങിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന് മുംബൈ പോലീസിന്റെ അപേക്ഷ മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞയാഴ്ച അംഗീകരിച്ചിരുന്നു. 30 ദിവസത്തിനുള്ളിൽ കീഴടങ്ങിയില്ലെങ്ങിൽ സിങ്ങിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും സ്വത്തുവകകൾ കണ്ടുകെട്ടുകയും ചെയ്യുമെന്നു കാണിച്ച് പോലീസ് സിങ്ങിന്റെ വസതിക്കുമുന്നിൽ പരസ്യം പതിക്കുകയും ചെയ്തു. അതിനുപിന്നാലെയാണ് സുപ്രീം കോടതി സിങ്ങിന് അറസ്റ്റിൽനിന്നു സംരക്ഷണം നൽകിയതും ആറുമാസത്തെ ഒളിവുജീവിതം അവസാനിപ്പിച്ച് അദ്ദേഹം മുംബൈയിലെത്തിയതും.

മുംബൈയിലെത്തിയ സിങ് മൊഴി നൽകാനായി ക്രൈംബ്രാഞ്ചിനു മുന്നിലും താനെ പോലീസിനു മുന്നിലും ഹാജരായിരുന്നു. തിങ്കളാഴ്ച സി.ഐ.ഡിക്കു മുന്നിലും ഹാജരാവുമെന്നാണ് അറിയുന്നത്.

പോലീസിനു മുന്നിൽ ഹാജരായ സാഹചര്യത്തിൽ താനെ കോടതി അദ്ദേഹത്തിനെതിരായ വാറന്റ് റദ്ദാക്കിയിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കുന്നതുകൊണ്ട് വാറന്റ് റദ്ദാക്കണമെന്നാണ് പരംബീർ സിങ് അപേക്ഷയിൽ പറയുന്നത്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുക്കുന്നത് റദ്ദാക്കുകയും വേണം. ചീഫ് മെട്രൊപ്പൊളിറ്റൻ മജിസ്‌ട്രേറ്റ് എസ്.ബി. ബാജ്‌പേയിയാണ് അപേക്ഷ പരിഗണിക്കുന്നത്.

ചണ്ഡീഗഢിൽ ജനിച്ച് 1988-ൽ ഐ.പി.എസ്. നേടിയ സിങ് മഹാരാഷ്ട്രയിലെ ഭരണകർത്താക്കൾക്ക് പ്രിയങ്കരനായ പോലീസ് ഓഫീസർ ആയിരുന്നു.

റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വസതിക്കുമുന്നിൽ സ്ഫോടകവസ്തുക്കൾ വെച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ സച്ചിൻ വാസേ അറസ്റ്റിലായതോടെയാണ് അന്ന് മുംബൈ പോലീസ് കമ്മിഷണറായിരുന്ന സിങ് ഉദ്ധവ് താക്കറേ സർക്കാരിന് അനഭിമതനായത്. ഹോംഗാർഡിലേക്ക് സ്ഥലം മാറ്റപ്പെട്ട സിങ് അന്നത്തെ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരേ അഴിമതിയാരോപണം ഉന്നയിച്ച് മുഖ്യമന്ത്രിക്കു കത്തയക്കുകയും കോടതികളിൽ ഹർജി നൽകുകയും ചെയ്തു.

സിങ്ങിന്റെ പരാതിയെത്തുടർന്ന് രാജിവെക്കേണ്ടിവന്ന ദേശ്മുഖിനെ അനധികൃത പണമിടപാടുകേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയര്കടറേറ്റ് അറസ്റ്റുചെയ്തെങ്കിലും പരാതിക്കാരനായ സിങ് തെളിവുനൽകാൻ പോലും എത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനുള്ള നടപടികൾ തുടങ്ങിയത്.