മുംബൈ : മുംബൈ നഗരത്തിലുള്ള കുർളയിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എച്ച്.ഡി.ഐ.എൽ. കോളനിയിലുള്ള കെട്ടിടത്തിന്റെ ടെറസിലാണ് 20 വയസ്സ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. കൊലപാതകം, ബലാത്സംഗം എന്നീ വകുപ്പുകൾ ചേർത്ത് കേസെടുത്തതായി പോലീസ് അറിയിച്ചു. വ്യാഴാഴ്ച വീഡിയോ എടുക്കാനായി ഈ കെട്ടിടത്തിൽ എത്തിയ ചില ആൺകുട്ടികളാണ് മൃതദേഹം കണ്ടത്. ഇവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. യുവതി ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപംനൽകി.

തലയ്ക്ക് മാരകമായി മുറിവേറ്റിട്ടുണ്ട്. സമീപപ്രദേശങ്ങളിലെ സി.സി.ടി.വി.കൾ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം ആരംഭിച്ചിട്ടുള്ളത്.