മുംബൈ : കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് മഹാരാഷ്ട്ര സർക്കാർ 50,000 രൂപ ധനസഹായം നൽകും. ഇത് സംബന്ധിച്ച സർക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി. അതേ സമയം നഷ്ടപരിഹാര തുക നാല് ലക്ഷമായി ഉയർത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് പാർട്ടി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് നിവേദനം നൽകി. 50,000 എന്നത് കുറഞ്ഞ തുകയാണെന്നും തുക വർധിപ്പിക്കേണ്ടത് ആവശ്യമാണെന്നും നിവേദനത്തിൽ എടുത്തുകാട്ടി. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാനങ്ങളുടെ ദുരന്തനിവാരണ ഫണ്ടിൽനിന്ന്‌ 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ധനസഹായം നൽകുന്നതിനായി വെബ്‌പോർട്ടൽ ആരംഭിക്കാനാണ് സർക്കാർ തീരുമാനം.

കോവിഡിനെ തുടർന്ന് മരിച്ചവരുടെ ആശ്രിതർക്ക് രേഖകൾ ഇതിൽ സമർപ്പിക്കാം. അടുത്ത ആഴ്ചയോടെ പോർട്ടൽ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നവംബർ 27 വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് കോവിഡ് ബാധിച്ച് 1,40,891 പേർ മരിച്ചിട്ടുണ്ട്.

കോവിഡ്മരണം സംബന്ധിച്ച പരാതികൾ കേൾക്കുന്നതിനായി കളക്ടർമാരുടെ അധ്യക്ഷതയിൽ സമിതികൾ രൂപവത്കരിച്ചിട്ടുണ്ട്. പരാതികൾക്ക് 30 ദിവസത്തിനകം പരിഹാരം കാണണമെന്നാണ് നിർദേശം.