മുംബൈ : കഴിഞ്ഞ 31 ദിവസമായി തുടരുന്ന മഹാരാഷ്ട്രാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ഡിപ്പോകളിൽ ഭൂരിപക്ഷവും ശനിയാഴ്ചയും അടഞ്ഞുകിടന്നു. എന്നാൽ ശനിയാഴ്ച 18,000-ത്തോളം പേർ ജോലിക്ക്‌ ഹാജരായി. അതിനാൽ കുറച്ചു സർവീസുകളെങ്കിലും ഓടിക്കാൻ കോർപ്പറേഷന് കഴിഞ്ഞു. ഇതുവരെ 4500-ഓളം തൊഴിലാളികൾക്കെതിരേ കോർപ്പറേഷൻ നടപടി സ്വീകരിച്ചിട്ടുണ്ട്.

92,266 ജീവനക്കാരാണ് എം.എസ്.ആർ.ടി.സി.ക്കുള്ളത്. ഇതിൽ 2130 ഡ്രൈവർമാരും 2112 കണ്ടക്ടർമാരുമടക്കം 18,090 പേരാണ് ശനിയാഴ്ച ജോലിക്ക്‌ ഹാജരായത്. മാൻഗാവ്, റായ്ഗഢ്‌, കോലാപ്പൂർ, സാംഗ്ലി ഡിപ്പോകളിലെ മുഴുവൻ പേരും ജോലിക്കെത്തി. ഉച്ചയ്ക്ക് രണ്ട് മണി വരെയുള്ള കണക്കുപ്രകാരം കോർപ്പറേഷൻ 410 ബസ് സർവീസുകൾ നടത്തിയിട്ടുണ്ട്. ജോലിക്ക്‌ ഹാജരാകാത്ത 3215 സ്ഥിരം ജീവനക്കാരെ സസ്പെൻഡ്‌ ചെയ്തു. 1226 താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. വെള്ളിയാഴ്ച ഗതാഗതമന്ത്രി അനിൽ പരബ് യൂണിയൻ നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ജോലിക്ക്‌ ഹാജരാകാത്തവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്ന അദ്ദേഹം താക്കീതു നൽകി. എന്നിട്ടും ഫലമുണ്ടായില്ല. കോർപ്പറേഷനെ സംസ്ഥാന സർക്കാരിന് കീഴിലാക്കണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാർ സമരം തുടരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച തൊഴിലാളികളുടെ അടിസ്ഥാന ശമ്പളത്തിൽ വലിയ വർധന പ്രഖ്യാപിച്ചിരുന്നെങ്കിലും ആവശ്യം നടപ്പാക്കുന്നതുവരെ സമരം എന്നാണ് ഇവർ പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 28-ന് ആരംഭിച്ച സമരം കൂടുതൽ ശക്തമായത് നവംബർ ഒൻപത് മുതലാണ്. അന്ന് മുതൽ സംസ്ഥാനത്തെ 250-ഓളം ഡിപ്പോകളും അടഞ്ഞുകിടക്കുകയാണ്‌.