മുംബൈ : സമീർ വാംഖഡെയ്ക്കെതിരേ അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് എൻ.സി.പി. നേതാവും മന്ത്രിയുമായ നവാബ് മാലിക് ഉന്നയിക്കുന്നതെന്ന് മീർ വാംഖഡെയുടെ ഭാര്യ ക്രാന്തി രേദ്ഖർ.

ധൈര്യമുണ്ടെങ്കിൽ കോടതിയെ സമീപിക്കാൻ അവർ വെല്ലുവിളിച്ചു. ആദ്യ വിവാഹം സ്പെഷൽ മാര്യേജ് ആക്ട് പ്രകാരമാണ് രജിസ്റ്റർ ചെയ്തത്.

വിവാഹമോചനം നേടിയതും അതേ നിയമസംവിധാനത്തിലാണ്. അതിന്റെ രേഖകൾ പക്കലുണ്ട്. നവാബ് മാലിക് കോടതിയിൽ ഇക്കാര്യം ചോദ്യം ചെയ്യട്ടെ. അപ്പോൾ നേരിടാമെന്നും ക്രാന്തി രേദ്ഖർ വ്യക്തമാക്കി.

പത്രസമ്മേളനം വിളിച്ച് ആരോപണങ്ങൾ ഉന്നയിക്കുകയല്ല വേണ്ടത്. ഇക്കാര്യം കളവാണെങ്കിൽ അതിന് നിയമസംവിധാനത്തെയാണ് ഉപയോഗിക്കേണ്ടത്. അല്ലാതെ എല്ലാ ദിവസവും ആരോപണവുമായി നവാബ് മാലിക് എത്തുന്നത് മറ്റ് ലക്ഷ്യങ്ങളോടെയാണ്. സമീർ ഒരിക്കലും തെറ്റായ കാര്യങ്ങൾ ചെയ്യുന്ന ഒരാളല്ല. സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. എപ്പോഴും സത്യത്തിനുവേണ്ടി നിലകൊള്ളുന്ന വ്യക്തിയാണ്. സമീറിന്റെ പ്രതിസന്ധി ഘട്ടത്തിൽ അദ്ദേഹത്തിന്റെ പിതാവിനൊപ്പം പിന്തുണയുമായി ഞാനുമുണ്ടെന്ന് ക്രാന്തി രേദ്ഖർ പറഞ്ഞു.