ഉല്ലാസ്‌നഗർ : ഉല്ലാസ്‌നഗറിലെ മുൻ എം.എൽ.എ. മാരായ പപ്പു കലാനിയുടെയും ജ്യോതി കലാനിയുടെയും മരുമകളും മുൻ മേയറുമായ പഞ്ചം ഓമി കലാനി ബി.ജെ.പി.യുടെ കോർപ്പറേറ്റർ സ്ഥാനം രാജിവെച്ച് എൻ.സി.പി.യിൽ ചേർന്നു.

എൻ.സി.പി. നേതാവും ഗൃഹനിർമാണ വിഭാഗം മന്ത്രിയുമായ ജിതേന്ദ്ര ആവ്ഹാഡിന്റെ സാന്നിധ്യത്തിലാണ് പഞ്ചം കലാനി എൻ.സി.പി.യിൽ ചേർന്നത്. കോർപ്പറേറ്റർസ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് ഉല്ലാസ്‌നഗർ നഗരസഭാ കമ്മിഷണർ രാജ ദയാനിധിക്ക് നൽകിയ ശേഷമാണ് പാർട്ടി മാറ്റം.

പപ്പു കലാനിയുടെയും ജ്യോതി കലാനിയുടെയും മകനും ടി.ഒ.കെ. പാർട്ടി നേതാവുമായ ഓമി കലാനിയുടെ ഭാര്യയായ പഞ്ചം കലാനി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ടി.ഒ.കെ. പാർട്ടിയുടെ പിന്തുണയോടെ ബി.ജെ.പി. ടിക്കറ്റിൽ മത്സരിച്ചാണ് കോർപ്പറേറ്ററായത്. ഇവരോടൊപ്പം ടി.ഒ.കെ. പാർട്ടിയുടെ പിന്തുണയോടെ ബി.ജെ.പി. ടിക്കറ്റിൽ മത്സരിച്ച് ജയിച്ച മറ്റു 22 പേരും എൻ.സി.പി.യിൽ ചേർന്നു. അടുത്തവർഷം നഗരസഭാ തിരഞ്ഞെടുപ്പ് നടക്കും. കലാനി കുടുംബത്തിന്റെ പിന്തുണയോടെ എൻ.സി.പി.ക്ക് ശക്തി പ്രാപിക്കാനും നഗരസഭയിൽ എൻ.സി.പി.യുടെ കൊടി പാറിക്കാനും കഴിയുമെന്ന് മന്ത്രി ജിതേന്ദ്ര ആവ്ഹാഡ് പറഞ്ഞു.