താനെ : താനെയിൽ അഴിമതിവിരുദ്ധ ബ്യൂറോയുടെ (എ.സി.ബി.) ജാഗ്രതാ ബോധവത്‌കരണ വാരാചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു.

നവംബർ ഒന്നുവരെ നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഭാഗമായി സംസ്ഥാനസർക്കാർ വിഭാഗം, സഹകരണ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവക്കുപുറമെ ജനങ്ങൾക്കിടയിലും തെരുവുനാടകങ്ങളും മറ്റുമായുള്ള വിവിധ മാധ്യമങ്ങൾവഴി അഴിമതിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള ബോധവത്‌കരണം നടത്തുമെന്ന് അഴിമതിവിരുദ്ധ വിഭാഗത്തിന്റെ അപ്പർ പോലീസ് സൂപ്രണ്ട് അനിൽ ഘേർഡീകർ അറിയിച്ചു.

ഇപ്പോഴും കോവിഡ് മഹാമാരിയുടെ ഭീഷണി നിലനിൽക്കുന്നതിനാൽ മാസ്ക് ധരിച്ചും സാമൂഹികഅകലം പാലിച്ചുമായിരിക്കും പരിപാടികൾ നടത്തുകയെന്നും അദ്ദേഹം സൂചിപ്പിച്ചു. പരിപാടികളുടെ ഭാഗമായി എല്ലാ സർക്കാർ കാര്യാലയങ്ങളിലും അഴിമതി ഉന്മൂലനശപഥം സംഘടിപ്പിക്കും.

കാര്യാലയങ്ങളിൽ ഇതുസംബന്ധിച്ച ഫലകങ്ങൾ സ്ഥാപിക്കും. അതുപോലെ പൊതുസ്ഥലങ്ങളിലും ഫെയ്‌സ് ബുക്ക്, വാട്ട്സ്ആപ്പ്, എസ്.എം.എസ്. തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെയും അഴിമതിവിരുദ്ധ ബോധവത്‌കരണ വാരാചരണത്തിന്‌ പ്രചാരണം നൽകും.

പ്രധാന കാര്യാലയങ്ങളിൽ യോഗങ്ങൾ സംഘടിപ്പിച്ച് അഴിമതിയെക്കുറിച്ചും അഴിമതികൾക്കെതിരേ എ.സി.ബി. സ്വീകരിച്ചുവരുന്ന നടപടികളെക്കുറിച്ചും ബന്ധപ്പെട്ട നിയമവകുപ്പുകളെക്കുറിച്ചുമുള്ള വിവരങ്ങൾ നൽകും.

പരിപാടിയിൽ സർക്കാരിതര സംഘടനകൾക്കും സന്നദ്ധ സംഘടനകൾക്കും സാധാരണക്കാർക്കും പങ്കെടുക്കാം. അഴിമതിയുമായി ബന്ധപ്പെട്ടപരാതികൾ നൽകാനായി 1064 എന്ന നമ്പർ സ്ഥാപിച്ചിട്ടുണ്ട്.

താനെ അഴിമതിവിരുദ്ധ വിഭാഗത്തിന്റെ പരിധിയിൽ താനെ, നവിമുംബൈ, പാൽഘർ, റായ്‌ഗഢ്, രത്നഗിരി, സിന്ധുദുർഗ് എന്നീ ജില്ലകളും ഉൾപ്പെടും. അവിടങ്ങളിലും പരിപാടികൾ സംഘടിപ്പിച്ചു വരുന്നതായി എ.സി.ബി. അറിയിച്ചു.