മുംബൈ : രാജ്യത്ത് ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ട എല്ലാ വ്യവസായങ്ങളും നിയമവിരുദ്ധമായി പ്രഖ്യാപിച്ച് ചൈനീസ് സർക്കാർ. ക്രിപ്റ്റോകറൻസി മൈനിങ് പദ്ധതികൾ എത്രയുംവേഗം നിർത്താനും നിർദേശിച്ചിട്ടുണ്ട്. രാജ്യത്ത് വെർച്വൽ കറൻസികൾക്ക് നിയമപ്രാബല്യമില്ലെന്ന് കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന (പി.ബി.സി.) പ്രഖ്യാപിച്ചു. ബിറ്റ്കോയിൽ, ഈതറിയം, ടിതർ പോലുള്ള ക്രിപ്റ്റോകറൻസികൾ മോണിറ്ററി അതോറിറ്റികളല്ല പുറത്തിറങ്ങുന്നതെന്നും അതുകൊണ്ട് ഇവയ്ക്ക് നിയമപ്രാബല്യമുണ്ടാകില്ലെന്നുമാണ് പി.ബി.സി. അറിയിച്ചിരിക്കുന്നത്. അതുകൊണ്ട് ഇവ വിനിമയത്തിനായി ഉപയോഗിക്കരുത്.

ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ തടയാനായി രാജ്യത്തെ പത്തിലധികം ഏജൻസികൾ നടപടികൾ കർശനമാക്കി. ക്രിപ്റ്റോകറൻസി മൈനിങ്ങിനായി വൈദ്യുതി ലഭ്യമാക്കരുതെന്ന് വൈദ്യുതോത്പാദന കമ്പനികൾക്കും നിർദേശമുണ്ട്.

ലോകത്തിൽ നിലവിലുള്ളതിന്റെ നാലിൽ മൂന്നുഭാഗം ക്രിപ്റ്റോകറൻസികളും ചൈനയിൽ ഉത്പാദിപ്പിച്ചവയാണ്. ക്രിപ്റ്റോകറൻസി മൈനിങ്ങിനായി വലിയതോതിൽ വൈദ്യുതി ആവശ്യമാണ്. കൽക്കരിയിൽനിന്നുള്ള വൈദ്യുതോത്പാദനം മലിനീകരണം കൂട്ടുന്ന സാഹചര്യത്തിൽ കൂടിയാണ് ക്രിപ്റ്റോകറൻസി വ്യവസായം നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നത്.

കൂടാതെ, സമ്പദ്‌വ്യവസ്ഥയിൽ ഇതുമായി ബന്ധപ്പെട്ട അനധികൃത പ്രവർത്തനങ്ങൾ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്ന സാഹചര്യവും ഉയർന്നുവന്നിട്ടുണ്ട്. സാമ്പത്തികപ്രതിസന്ധിയിലായ എവർഗ്രാൻഡെ എന്ന റിയൽ എസ്റ്റേറ്റ് കമ്പനി വലിയ തുക ക്രിപ്റ്റോ കറൻസി മൈനിങ് രംഗത്ത് ചെലവഴിച്ചിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്.