മുംബൈ : ഒക്ടോബർ നാല് മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും രക്ഷിതാക്കളിൽ നല്ലൊരു ശതമാനവും കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കാൻ താത്‌പര്യം കാണിക്കാത്ത അവസ്ഥ.

കോവിഡ് മൂന്നാം തരംഗം മുന്നിൽ നിൽക്കുമ്പോൾ ഇത്ര ധൃതി പിടിച്ച് എന്തിന് സ്കൂളുകൾ തുറക്കുന്നു എന്നാണ് പലരും ചോദിക്കുന്നത്. സ്‌കൂൾ തുറന്നാലും ഒരു കുട്ടിയേയും സ്‌കൂളിലെത്താൻനിർബന്ധിക്കരുതെന്ന് സർക്കാർ പ്രത്യേകം നിർദേശിച്ചിട്ടുണ്ട്.

രക്ഷിതാവിന്റെ സമ്മതത്തോട് കൂടി മാത്രമേ കുട്ടികളെ സ്‌കൂളുകളിൽ പ്രവേശിപ്പിക്കാൻ പാടുള്ളൂ എന്നും നിബന്ധനയിൽ പറയുന്നു. ‘‘ഈ സാഹചര്യത്തിൽ സ്കൂൾ തുറന്നാലും എത്ര കുട്ടികൾ സ്‌കൂളിലേക്ക് എത്തുമെന്ന കാര്യത്തിൽ സംശയമുണ്ട്.

പ്രത്യേകിച്ച് മുംബൈ പോലെ തിരക്കുള്ള നഗരങ്ങളിൽ. 'സ്‌കൂൾ ബസ് ഉണ്ടെങ്കിൽ മാത്രമേ എന്റെ കുഞ്ഞിനെ സ്‌കൂളിലേക്ക് അയയ്ക്കാൻ പറ്റുകയുള്ളൂ. സാധാരണ സ്‌കൂൾ ബസിൽ നല്ല തിരക്കാണ്. സാമൂഹിക അകലം പാലിച്ചുള്ള യാത്രയൊന്നും സ്‌കൂൾ ബസിൽ നടക്കില്ല. അങ്ങിനെ വേണമെങ്കിൽ ഒരോ റൂട്ടിലും രണ്ട് ബസുകൾ വീതം ഓടിക്കേണ്ടി വരും. അതു നടക്കില്ല. ബെസ്റ്റ് ബസിൽ കുട്ടിയേയും കൊണ്ട് എല്ലാ ദിവസവും സ്‌കൂളിൽ പോകുന്നതും നല്ലതല്ല. എല്ലാ ദിവസവും ടാക്സി വിളിച്ച് പോകാനും കഴിയില്ല. കുട്ടികൾക്കാണെങ്കിൽ വാക്സിൻ എടുത്തിട്ടുമില്ല. പിന്നെ എന്തിനാണ് അവർ ഇത്ര ധൃതി പിടിച്ച് സ്കൂളുകൾ തുറക്കുന്നത് എന്നാണ് മനസ്സിലാകാത്തത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയിട്ട് വേണം സ്കൂളുകൾ തുറക്കാൻ.’’- സയൺ പ്രതീക്ഷാ നഗർ നിവാസിയായ രമാകാന്ത് കദം പറയുന്നു.

സ്കൂൾ തുറക്കുന്ന കാര്യത്തിൽ കഴിഞ്ഞ ആഴ്ച വരെ കുട്ടികൾക്കായുള്ള കോവിഡ് ടാസ്‌ക് ഫോഴ്‌സും ഇതേ അഭിപ്രായമാണ് പറഞ്ഞിരുന്നത്. പെട്ടെന്ന് സ്കൂളുകൾ തുറക്കേണ്ട ആവശ്യമില്ലെന്നും അതിനുള്ള സാഹചര്യം വന്നിട്ടില്ലെന്നുമായിരുന്നു അവരുടെ അഭിപ്രായം. എന്നാൽ പിന്നീട് അവരുടെ സമ്മതം കൂടി ലഭിച്ച ശേഷമാണ് ഇപ്പോൾ സർക്കാർ സ്‌കൂളുകൾ തുറക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. എന്നാൽ ഒക്ടോബർ നാലിന് മുമ്പ് തീരുമാനം പുനഃപരിശോധിക്കാനുള്ള സാധ്യതയും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.

സിനിമാ തിയേറ്ററുകൾ 22 മുതൽ തുറക്കും

മുംബൈ : സംസ്ഥാനത്ത് മാസങ്ങളായി അടച്ചിട്ട സിനിമാതിയേറ്ററുകളും നാടകശാലകളും തുറക്കാൻ സർക്കാർ തീരുമാനിച്ചു. ഒക്ടോബർ 22 മുതൽ ഇവ തുറക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം ഇവയുടെ പ്രവർത്തനമെന്ന് ഇത് പ്രഖ്യാപിക്കുന്ന വേളയിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറക്കും.

കഴിഞ്ഞ ദിവസം സ്കൂളുകളും ആരാധനാലയങ്ങളും തുറക്കാനുള്ള തീരുമാനം സർക്കാർ പ്രഖ്യാപിച്ചിരുന്നു. അഞ്ചുമുതൽ 12 വരെ ക്ലാസുകൾ ഒക്ടോബർ നാലുമുതൽ പ്രവർത്തിക്കുമെന്നാണ് പ്രഖ്യാപനം. ആരാധനാലയങ്ങൾ ഒക്ടോബർ ഏഴുമുതലായിരിക്കും തുറക്കുക. സിനിമാനിർമാതാക്കളായ രോഹിത് ഷെട്ടി, കുനാൽ കപൂർ, നാടകപ്രവർത്തകൻ മകരന്ദ് ദേശ്പാണ്ഡെ, അഭിനേതാക്കളായ സുബോധ് ഭാവെ, ആദേശ് ബാന്ദേക്കർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് മുഖ്യമന്ത്രി തിയേറ്ററുകളും നാടകശാലകളും തുറക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.