മുംബൈ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ വസ്ത്രത്തിനു മുകളിൽക്കൂടി പിടിച്ചത് പോക്സോ (കുട്ടികൾക്കുനേരെയുള്ള ലൈംഗികാതിക്രമം തടയൽ) നിയമപ്രകാരം ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരില്ലെന്ന ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണത്തിനെതിരേ വ്യാപക വിമർശനം. പേരയ്ക്ക നൽകാമെന്നു പറഞ്ഞ് 12 വയസ്സുകാരിയെ വീട്ടിൽക്കൊണ്ടുപോയി മാറിടത്തിൽപ്പിടിക്കുകയും വസ്ത്രമുരിയാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിലെ ജസ്റ്റിസ് പുഷ്പ വി. ഗനേഡിവാലയുടേതാണ് ഈ നിരീക്ഷണം.
ലൈംഗിമായ ഉദ്ദേശ്യത്തോടെ ചർമം ചർമത്തിൽ സ്പർശിച്ചാലേ അതിനെ ലൈംഗികാതിക്രമമായി പരിഗണിക്കാനാവൂ എന്ന് അവർ പറഞ്ഞു. വസ്ത്രത്തിനു മുകളിലൂടെയാണ് മാറിടത്തിൽ പിടിച്ചത് എന്നതിനാൽ അത് ഐ.പി.സി.-354-ാം വകുപ്പുപ്രകാരം മാനഭംഗത്തിന്റെ പരിധിയിലേ വരൂവെന്നും ബെഞ്ച് പറഞ്ഞു.
കേസിൽ പോക്സോ നിയമപ്രകാരം സെഷൻസ് കോടതി മൂന്നുവർഷം തടവിനുശിക്ഷിച്ച മുപ്പത്തൊമ്പതുകാരൻ സതീഷിന്റെ ശിക്ഷ 354-ാം വകുപ്പുപ്രകാരം ബെഞ്ച് ഒരുകൊല്ലമായി കുറച്ചു.
നാഗ്പുർ ബെഞ്ചിന്റെ നിരീക്ഷണത്തിനും വിധിക്കുമെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബച്പൻ ബചാവോ ആന്ദോളൻ എക്സിക്യുട്ടീവ് ഡയറക്ടർ ധനഞ്ജയ് തിൻഗൽ പറഞ്ഞു. സമാന്യബോധമില്ലാത്ത അസംബന്ധമായ വിധിയാണ് ഇതെന്ന് ഓൾ ഇന്ത്യ പ്രോഗ്രസീവ് വിമൻസ് അസോസിയേഷൻ സെക്രട്ടറി കവിതാ കൃഷ്ണൻ പറഞ്ഞു. ലിംഗനീതിയുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുമ്പോഴുള്ള ഇത്തരമൊരു വിധി നീതിബോധത്തെത്തന്നെയാണ് ചോദ്യം ചെയ്യുന്നതെന്നും അവർ പറഞ്ഞു. പീപ്പിൾ എഗെൻസ്റ്റ് റേപ്പ് ഇൻ ഇന്ത്യയുടെ യോഗിത ഭയാന, സേവ് ദ ചിൽഡ്രന്റെ ഡെപ്യൂട്ടി ഡയറക്ടർ പ്രഭാത് കുമാർ, സ്ത്രീ അവകാശ പ്രവർത്തക ഷമീന ശൈഖ്, ബോളിവുഡ് താരവും ആക്ടിവിസ്റ്റുമായ ശബാന അസ്മി എന്നിവരും വിധിക്കെതിരേ രംഗത്തെത്തി.